NEWSROOM

പ്രജ്വല്‍ രേവണ്ണയെ ജുഡീഷ്യല്‍ കസ്റ്റഡില്‍ വിട്ടു; ജൂലൈ 8 വരെ ജയിലില്‍ തുടരും

മൂന്ന് ലൈംഗികാതിക്രമ കേസുകളും ഒരു ബലാത്സംഗ കേസുമാണ് 33 കാരനായ പ്രജ്വല്‍ രേവണ്ണക്കെതിരെ ചുമത്തിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ മുന്‍ ജനതാദള്‍ സെക്യുലര്‍ എംപി പ്രജ്വല്‍ രേവണ്ണയെ ജൂലൈ 8 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അന്വേഷണ സംഘം ആവശ്യപ്പെട്ട 14 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പ്രജ്വല്‍ രേവണ്ണയെ തിരികെ ജയിലിലേക്ക് മാറ്റിയത്. മൂന്ന് ലൈംഗികാതിക്രമ കേസുകളും ഒരു ബലാത്സംഗ കേസുമാണ് 33 കാരനായ പ്രജ്വല്‍ രേവണ്ണക്കെതിരെ ചുമത്തിയിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരിക്കെയാണ് പ്രജ്വലിനെതിരായ ലൈംഗികാതികക്രമ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് പുറത്തുവന്നത്.

ഏപ്രില്‍ 28 ന് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് ഒരു ദിവസം മുന്‍പ് പ്രജ്വല്‍ രേവണ്ണ ജര്‍മ്മനിയിലേക്ക് കടന്നിരുന്നു. 47 കാരിയായ മുൻ വേലക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന കേസാണ് ആദ്യം പുറത്തുവന്നത്. കേസില്‍ പ്രജ്വല്‍ രണ്ടാം പ്രതിയും പിതാവ് എച്ച്.ഡി രേവണ്ണ ഒന്നാം പ്രതിയുമാണ്. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രജ്വലിനെതിരെ ബലാത്സംഗ കുറ്റവും ചുമത്തിയിട്ടുണ്ട്.

പ്രജ്വൽ തന്നെ തോക്കിൻ മുനയിൽ നിർത്തി ബലാത്സംഗം ചെയ്തെന്ന 44 കാരിയുടെ ആരോപണത്തില്‍ മെയ് ഒന്നിന് സിഐഡി രണ്ടാമത്തെ കേസും രജിസ്റ്റർ ചെയ്തു. മെയ് 3 ന് എസ്ഐടി മൂന്നാമത്തെ കേസും രജിസ്റ്റർ ചെയ്തു. 60 വയസുകാരിയുടെ പരാതിയിലായിരുന്നു നടപടി. പ്രജ്വലിനെതിരെ ബലാത്സംഗ കുറ്റവും അവർ ആരോപിച്ചിരുന്നു. എസ്ഐടിയുടെ ആവശ്യപ്രകാരം ഇൻ്റർപോൾ പ്രജ്വലിനെതിരെ 'ബ്ലൂ കോർണർ നോട്ടീസ്' പുറപ്പെടുവിച്ചിരുന്നു.

തുടര്‍ന്ന് മെയ് 31ന് ജര്‍മ്മനിയില്‍ നിന്ന് ബെംഗളൂരുവിലെത്തിയ പ്രജ്വലിനെ വിമാനത്താവളത്തില്‍ വെച്ച് തന്നെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ പ്രജ്വലിന്‍റെ സഹോദരന്‍ സൂരജിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

SCROLL FOR NEXT