പ്രകാശ് കാരാട്ടിനെ പാർട്ടി കോർഡിനേറ്ററായി തെരഞ്ഞെടുത്ത് സിപിഎം കേന്ദ്രകമ്മിറ്റി. അന്തരിച്ച ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പകരം പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുത്തില്ല. കോർഡിനേറ്റർ പദവിയിലൂടെ താൽകാലിക പ്രതിസന്ധി മറികടക്കാനാണ് ശ്രമം. പാർട്ടി കോൺഗ്രസ് വരെ പ്രകാശ് കാരാട്ട് കോർഡിനേറ്റർ സ്ഥാനത്ത് തുടരും. 2025 ഏപ്രിൽ മാസത്തിൽ മധുരയിൽ വച്ചാണ് സിപിഎം പാർട്ടി കോൺഗ്രസ് നടക്കുക.
നിലവിലുള്ള രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് ജനറൽ സെക്രട്ടറി ചുമതല താൽക്കാലികമായി നൽകണമെന്ന അഭിപ്രായം പാർട്ടിയിൽ ഉയർന്നിരുന്നു.ഈ സാഹചര്യത്തിലാണ് കേന്ദ്ര കമ്മിറ്റിയിൽ ഇക്കാര്യം ചർച്ചയായത്. പാർട്ടി കോൺഗ്രസിന് ആറ് മാസം മാത്രം ബാക്കിയിരിക്കെ അവൈലബിൾ പോളിറ്റ് ബ്യൂറോ യോഗം ജനറൽ സെക്രട്ടറി ചുമതലകൾ നിർവഹിക്കുക എന്ന നിർദ്ദേശവും പോളിറ്റ് ബ്യൂറോ യോഗത്തിൽ ഉയർന്നിരുന്നു.
സെപ്റ്റംബർ 12ന് ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ വെച്ചായിരുന്നു സീതാറാം യെച്ചൂരി അന്തരിച്ചത്. 2015 മുതല്‍ സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്നു സീതാറാം യെച്ചൂരി. യുപിഎ, ഇന്ത്യ സഖ്യങ്ങളുടെ രൂപീകരണത്തില്‍ പ്രധാന പങ്കുവഹിച്ചത് സീതാറാം യെച്ചൂരിയായിരുന്നു.