പ്രമോദ് കോട്ടൂളി 
NEWSROOM

' പാര്‍ട്ടി ഇതുവരെ വിശദീകരണം ചോദിച്ചിട്ടില്ല; ആരോടും പണം വാങ്ങുന്നയാളല്ല': പി.എസ്.സി കോഴ ആരോപണത്തില്‍ പ്രമോദ് കോട്ടൂളി

താനൊരു സാധാരണക്കാരനാണ്. പിഎസ്സി അംഗത്വം വാങ്ങി നല്‍കാന്‍ കഴിയുന്ന തരത്തിലുള്ള വലിയൊരു നേതാവല്ല

Author : ന്യൂസ് ഡെസ്ക്

പി.എസ്.സി കോഴ വിവാദത്തില്‍ പ്രതികരണവുമായി ആരോപണവിധേയനായ കോഴിക്കോട് ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി. മുപ്പത് വര്‍ഷമായി സാമൂഹ്യപ്രവര്‍ത്തനം നടത്തുന്നയാളാണെന്നും ആരോടും പണം വാങ്ങാറില്ലെന്നുമാണ് പ്രമോദ് കോട്ടൂളിയുടെ പ്രതികരണം. ഇത്തരമൊരു സാമ്പത്തിക ആരോപണം ഇതുവരെ തനിക്കെതിരെ ഉയര്‍ന്നിട്ടില്ല. ഇപ്പോള്‍ ഉയര്‍ന്ന ആരോപണത്തില്‍ പാര്‍ട്ടി മറുപടി പറയും.

ഗൂഢാലോചനയുണ്ടെങ്കില്‍ അത് പാര്‍ട്ടി അന്വേഷിക്കട്ടെ. താനൊരു സാധാരണക്കാരനാണ്. പിഎസ്സി അംഗത്വം വാങ്ങി നല്‍കാന്‍ കഴിയുന്ന തരത്തിലുള്ള വലിയൊരു നേതാവല്ല. 2020ല്‍ എടുത്ത ലോണ്‍ പോലും അടയ്ക്കാന്‍ കഴിയാത്ത ഒരാളാണ്. ആരോപണത്തില്‍ പാര്‍ട്ടി ഇതുവരെ തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും, ചോദിച്ചാല്‍ അതിനുള്ള മറുപടി പാര്‍ട്ടിക്കു നല്‍കുമെന്നും പ്രമോദ് കോട്ടൂളി പറഞ്ഞു.

അതേസമയം, കോഴ വിവാദത്തില്‍ പാര്‍ട്ടിക്ക് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രതികരണം. മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന കോലാഹലമാണെന്നും ഉന്നയിച്ച കാര്യങ്ങള്‍ പാര്‍ട്ടിക്ക് അറിവില്ലാത്തതാണ്. മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന കോലാഹലങ്ങള്‍ കൊട്ടിഘോഷിച്ച് നടക്കലാണോ പാര്‍ട്ടിയുടെ പണിയെന്നും പി മോഹനന്‍ ചോദിച്ചു.


ഇതിനിടയില്‍, പി.എസ്.സി യില്‍ അംഗത്വം നല്‍കുന്നതിനായി കോഴ വാങ്ങിയെന്ന ആരോപണത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. പരാതിക്കാരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസ് വഴി പി.എസ്.സിയില്‍ അംഗത്വം ശരിയാക്കി തരാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്നാണ് ആരോപണം ഉയര്‍ന്നുവന്നത്. 60 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ആദ്യ ഗഡുവായി 22 ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് ആരോപണം. രേഖാമൂലം പരാതി നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ കേസെടുക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

SCROLL FOR NEXT