പ്രമോദ് കോട്ടൂളി കോഴ വിവാദം പുതിയ തലത്തിലേക്ക്. കോഴ വാങ്ങിയത് പി എസ് സി അംഗത്വത്തിനല്ല, നിയമനത്തിനാണെന്ന് സിപിഐഎമ്മിന്റെ വിലയിരുത്തല്‍. പണം നല്‍കിയത് വനിതാ ഹോമിയോ ഡോക്ടറാണെന്നും ഇവര്‍ പി എസ് സി പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു എന്നും കണ്ടെത്തല്‍. പ്രമോദ് നേരിട്ടല്ല പണം കൈപ്പറ്റിയതെന്നും ജോലി തരപ്പെടുത്താന്‍ ശ്രമം നടത്തിയില്ലെന്നും സിപിഎമ്മിന്റെ വിലയിരുത്തല്‍.
പി എസ് സി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടാനാണ് പ്രമോദ് ശ്രമിച്ചത്. പണം നല്‍കിയ ഹോമിയോ ഡോക്ടര്‍ പി എസ് സി ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. ഉന്നത ഇടപെടലിലൂടെ ജോലി ഉറപ്പാക്കാമെന്ന് പ്രമോദ് വാക്കുനല്‍കി. ഡോക്ടറില്‍ നിന്നും പ്രമോദ് നേരിട്ടല്ല പണം കൈപറ്റിയത്. പൊതു സുഹൃത്തായ ഇടനിലക്കാരന്‍ വഴിയാണ് ചെക്ക് വാങ്ങിയത്. ഇരുപത് ലക്ഷം രൂപയുടെ ചെക്കാണ് വാങ്ങിയത്.
ജോലി വാങ്ങി നല്‍കാന്‍ ശ്രമവും നടത്തിയില്ല. ജോലി ലഭിച്ചാല്‍ തന്റെ ശുപാര്‍ശ പ്രകാരമെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ഇയാളുടെ ശ്രമം. ഡോക്ടര്‍ക്ക് ഉയര്‍ന്ന റാങ്ക് ഉള്ളതിനാല്‍ മെറിറ്റില്‍ ജോലി ലഭിക്കുമെന്നായിരുന്നു പ്രമോദ് കരുതിയിരുന്നത്. എന്നാല്‍, നിയമനത്തിനിടയില്‍ ഒരു പട്ടികജാതി സംവരണം വന്നതിനാല്‍ നിയമനം ലഭിച്ചില്ലെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍.