NEWSROOM

പ്രണവ് മോഹന്‍ലാലിന്റെ ഹൊറര്‍ ചിത്രം; ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്

രാഹുല്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ഹൊറര്‍ ചിത്രമായിരിക്കുമിത്

Author : ന്യൂസ് ഡെസ്ക്


നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഭ്രമയുഗത്തിന്റെ വിജയത്തിന് ശേഷം, സംവിധായകനായ രാഹുല്‍ സദാശിവന്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.

ഏപ്രിലില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. വടകര, കൊച്ചി എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം എന്നാണ് സൂചന. ഭ്രമയുഗം നിര്‍മിച്ച നൈറ്റ് ഷിഫ്റ്റ് സ്റ്റൂഡിയോസും വൈ നോട്ട് സ്റ്റുഡിയോസുമാണ് ചിത്രം നിര്‍മിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല.




രാഹുല്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ഹൊറര്‍ ചിത്രമായിരിക്കുമിത്. ഹൊറര്‍ ത്രില്ലര്‍ ചിത്രമായാണ് ഇതൊരുങ്ങുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രീകരണം 40 ദിവസം കൊണ്ട് പൂര്‍ത്തിയാകുമെന്നാണ് സൂചന.

രാഹുല്‍ സദാശിവന്റെ റെഡ് റെയ്നും, ഭൂതകാലവും ധാരാളം നിരൂപക പ്രശംസ നേടിയെങ്കിലും ഭ്രമയുഗത്തിന്റെ വിജയത്തോടെയാണ് സംവിധായകന്‍ പ്രശസ്തി ആര്‍ജിച്ചത്. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ കഥ എഴുതിയത് 'ഫ്രാന്‍സിസ് ഇട്ടി കോര ' എന്ന പ്രശസ്തമായ നോവല്‍ എഴുതിയ ടി ഡി രാമകൃഷ്ണനായിരുന്നു.

SCROLL FOR NEXT