NEWSROOM

ആരോഗ്യനില മോശമായി; നിരാഹാര സമരത്തിനൊടുവില്‍ പ്രശാന്ത് കിഷോര്‍ ഐസിയുവില്‍

ബിഹാര്‍ പിഎസ്‌സി പരീക്ഷയില്‍ ക്രമക്കേട് ആരോപിച്ച് നിരാഹാര സമരം ആരംഭിച്ച പ്രശാന്ത് കിഷോറിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Author : ന്യൂസ് ഡെസ്ക്

നിരാഹാര സമരത്തിന് പിന്നാലെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ജന്‍ സുരാജ് പാര്‍ട്ടി നേതാവ് പ്രശാന്ത് കിഷോറിനെ ഐസിയുവിലേക്ക് മാറ്റി. ബിഹാര്‍ പിഎസ്‌സി പരീക്ഷയില്‍ ക്രമക്കേട് ആരോപിച്ച് നിരാഹാര സമരം ആരംഭിച്ച പ്രശാന്ത് കിഷോറിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ ഗാന്ധി മൈതാനത്ത് നിന്നാണ് പ്രശാന്ത് കിഷോറിനെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തത്. ഗാന്ധി മൈതാനത്തെ നിരാഹാര സമരം നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ജാമ്യം നല്‍കിയെങ്കിലും വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചതോടെ പ്രശാന്ത് കിഷോറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പിന്നീട് അദ്ദേഹത്തിന് നിരുപാധികം ജാമ്യം അനുവദിക്കുകയും ചെയ്തു.

അറസ്റ്റ് ചെയ്തപ്പോള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശാരീരിക പരിശോധനയ്ക്ക് വിസമ്മതിച്ചിരുന്നു. മരണം വരെ നിരാഹാരം തുടരുമെന്നായിരുന്നു പ്രഖ്യാപനം. ഡിസംബര്‍ 13ന് ബിഹാര്‍ പിഎസ്‌സി നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ചോര്‍ന്നിരുന്നു. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഈ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ജനുവരി 2 മുതലാണ് പ്രശാന്ത് നിരാഹാരം ആരംഭിച്ചത്.

SCROLL FOR NEXT