ബിഹാറിൽ പുതിയ പാർട്ടി രൂപീകരിച്ച് ജൻ സൂരജ് ക്യാമ്പയിൻ മോധാവി പ്രശാന്ത് കിഷോർ. ജൻ സൂരജ് ഗ്രൂപ്പിനെ ഒരു രാഷ്ട്രീയ പാർട്ടിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് പ്രശാന്ത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലെ എല്ലാ സീറ്റുകളിലും ജൻ സൂരജ് പാർട്ടി മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പിൻ്റെ മാതൃക മാറ്റുമെന്നാണ് പ്രശാന്ത് കിഷോറിൻ്റെ പ്രസ്താവന. സമുദായിക തെരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ നിന്ന് മാറി, ഭാവിയിലേക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആയുധമാക്കുമെന്നാണ് നേതാവിൻ്റെ പ്രസ്താവന. കഴിഞ്ഞ രണ്ട് വർഷമായി ജൻ സൂരജ് ഗ്രൂപ്പിന് വേണ്ടി പ്രവർത്തിച്ച ആളുകളായിരിക്കും പാർട്ടി നേതൃത്വത്തെ തീരുമാനിക്കുകയെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി.
ALSO READ: ബിഹാറിൽ പുതിയ പാർട്ടി; തീരുമാനം അറിയിച്ച് പ്രശാന്ത് കിഷോർ
പുതിയ പാർട്ടി രൂപീകരിക്കുന്ന കാര്യം നേരത്തെ തന്നെ പ്രശാന്ത് കിഷോർ പ്രഖ്യാപിച്ചിരുന്നു. പാർട്ടിയുടെ പേരും നേതൃത്വവും ഉൾപ്പെടെ വിശദാംശങ്ങൾ ഒക്ടോബർ 2 ന് വെളിപ്പെടുത്തുമെന്നും നേതാവ് വ്യക്തമാക്കിയിരുന്നു. മൂന്ന് ലക്ഷ്യങ്ങളാണ് പാർട്ടി രൂപീകരണത്തിന് പിന്നിലെന്നും പ്രശാന്ത് പറഞ്ഞിരുന്നു.
ബിഹാറിലെ എല്ലാ ഗ്രാമങ്ങളും സന്ദർശിച്ച് താമസക്കാരെയും അവരുടെ കുട്ടികളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി അവരെ ബോധവൽക്കരിക്കുക എന്നതാണ് ആദ്യത്തെ ലക്ഷ്യം. നേതാക്കളുടെ സമ്മർദത്തിന് വഴങ്ങി വോട്ട് ചെയ്യാതെ, ജനപിന്തുണയോടെ പുതിയ പാർട്ടി രൂപീകരിക്കുകയാണ് രണ്ടാം ലക്ഷ്യം. ബിഹാറിൻ്റെ പുരോഗതിക്കായി പ്രവർത്തിക്കുക എന്നതാണ് പാർട്ടിയുടെ മൂന്നാമത്തെ ലക്ഷ്യം.
അതേസമയം അധികാരത്തിലെത്തിയാൽ ഉടൻ ബിഹാറിലെ മദ്യനിരോധനം അവസാനിപ്പിക്കുമെന്ന് പ്രശാന്ത് കിഷോർ പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കുകയാണ്. ജൻ സൂരജ് സർക്കാർ രൂപീകരിക്കുകയാണെങ്കിൽ അധികാരത്തിലെത്തി ഒരു മണിക്കൂറിനകം മദ്യനിരോധനം അവസാനിപ്പിക്കുമെന്നായിരുന്നു ദേശീയ വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെ പ്രശാന്ത് കിഷോർ പറഞ്ഞത്.