NEWSROOM

അണ്ടർ വാട്ടർ ഡ്രോണുകൾ, എഐ സാങ്കേതിക വിദ്യ ഉൾപ്പെടുന്ന സുരക്ഷാ സംവിധാനങ്ങൾ; മഹാകുംഭമേളയ്ക്ക് തയ്യാറെടുത്ത് പ്രയാഗ് രാജ്

4000 ഹെക്ടര്‍ വരുന്ന കുംഭ് ഗ്രൗണ്ട് 25 ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകരും ഭക്തരും ഇവിടെ ഒത്തുകൂടും. 45 കോടിയിലധികം തീർഥാടകരെയാണ് ഇത്തവണത്തെ കുംഭമേളയിൽ പ്രതീക്ഷിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

മഹാകുംഭമേളയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി ഉത്തർപ്രദേശിലെ പ്രയാഗ് രാജ്. ജനുവരി 14 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാകുംഭമേള. ലോകത്തെ ഏറ്റവും വലിയ ആത്മീയ സംഗമമായി വിശേഷിപ്പിക്കപ്പെടുന്ന 45 ദിവസത്തെ കുംഭമേളയിൽ കോടിക്കണക്കിന് തീർത്ഥാടകർ പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തിൽ എത്തിച്ചേരും.


12 വർഷത്തിലൊരിക്കൽ പ്രയാഗ് രാജിൽ നടക്കുന്ന പൂർണ കുംഭമേളക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. മഹാ കുംഭമേളയായി തന്നെയാണ് പൂർണ കുംഭമേള നടത്തപ്പെടുന്നത്. ഹൈന്ദവ വിശ്വാസം അനുസരിച്ച് പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യാനും മോക്ഷം നേടാനുമുള്ള അവസരമായാണ് മഹാകുംഭമേളയെ കണക്കാക്കുന്നത്.


ഗംഗ, യമുന, സരസ്വതി നദികളുടെ പ്രയാഗ് രാജിലെ ത്രിവേണി സംഗമസ്ഥലത്താണ് മേള. 12 കിലോമീറ്റർ നീളത്തിൽ സ്നാനഘട്ടങ്ങൾ നിർമ്മിച്ച് നദീതീരത്ത് വിപുലമായ ഒരുക്കങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. 4000 ഹെക്ടര്‍ വരുന്ന കുംഭ് ഗ്രൗണ്ട് 25 ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകരും ഭക്തരും ഇവിടെ ഒത്തുകൂടും. 45 കോടിയിലധികം തീർഥാടകരെയാണ് ഇത്തവണത്തെ കുംഭമേളയിൽ പ്രതീക്ഷിക്കുന്നത്.

Also Read; പഞ്ചാബിൽ ആംആദ്മി എംഎൽഎ വെടിയേറ്റ് മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

ജനുവരി 13 ന് നടക്കുന്ന പൗഷ് പൂർണിമ സ്നാനത്തോടെ മഹാകുംഭമേളയ്ക്ക് തുടക്കമാകും. 45 ദിവസം നീണ്ടുനിൽക്കുന്ന മേള, മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26 ന് പ്രത്യേക ചടങ്ങുകളോടെ അവസാനിക്കും. അലഹബാദ് വിമാനത്താവളത്തിൽ നിന്നും മഹാകുംഭത്തിലേക്കുള്ള വഴിയിൽ 84 വിശ്വാസ സ്തംഭങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.


അണ്ടർ വാട്ടർ ഡ്രോണുകൾ, എഐ സാങ്കേതിക വിദ്യകൾ എന്നിവയുൾപ്പെടെ വിപുലമായ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. തീർഥാടകരുടെ സഞ്ചാരം ഉൾപ്പെടെ നിരീക്ഷിക്കാനായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനത്തോടുകൂടിയ 2700 ക്യാമറകളും മേഖലയിൽ സ്ഥാപിച്ചിട്ടുണ്ട്. 37,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് മേഖലയിൽ വിന്യസിക്കുക.

2025 ലെ മഹാ കുംഭമേളയ്ക്ക് മുന്നോടിയായി ഉത്തർപ്രദേശ് സർക്കാർ മഹാ കുംഭ് പ്രദേശത്തെ പ്രത്യേക ജില്ലയായി പ്രഖ്യാപിച്ചിരുന്നു. യുനെസ്കോ പൈതൃക അംഗീകാരമുള്ള കുംഭമേള, രണ്ടുലക്ഷം കോടിയുടെ വരുമാനം ഇത്തവണ ഉത്തർപ്രദേശിന് നേടിത്തരുമെന്നാണ് സർക്കാർ.

SCROLL FOR NEXT