കർണാടകയിൽ നാല് മാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി ചാക്കിൽ കെട്ടി കിണറ്റിലെറിഞ്ഞു. വിജയ്‌പുര അൽമാത്തി സ്വദേശി സംഗീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവ് ബാബു പെരിയാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊപ്പൽ താലൂക്കിലെ തലകനകപുരയിലാണ് സംഭവം. സെപ്തംബർ 14 മുതൽ സംഗീതയെ കാണ്മാനില്ലെന്ന് ചൂണ്ടിക്കാട്ടി സംഗീതയുടെ മാതാപിതാക്കൾ കൊപ്പൽ വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റൊരാളുടെ കൃഷിയിടത്തിലെ തുറന്ന കിണറ്റിൽ ചാക്കിൽ കെട്ടിയ നിലയിൽ സംഗീതയുടെ മൃതദേഹം കണ്ടെത്തിയത്.
സംഗീതയെ കൊന്നത് ഭർത്താവ് ബാബുവാണെന്ന് സംഗീതയുടെ മാതാപിതാക്കൾ ആരോപിച്ചതോടെ പൊലീസ് അയാളെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ബാബു കുറ്റം സമ്മതിക്കുകയായിരുന്നു. ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ സംഗീതയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് ബാബുവിൻ്റെ മൊഴി.
അഞ്ച് വർഷം മുമ്പ് വിവാഹിതരായ ബാബുവും സംഗീതയും തമ്മിൽ നിരന്തരം വഴക്കായിരുന്നു. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. മൂന്നാമത്തെ കുഞ്ഞിനെ നാല് മാസം ഗർഭിണിയായിരിക്കുമ്പോഴാണ് കൊലപാതകം.