എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോറിക്ഷ തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്. റെയിൽവേയുടെ കാർട്ട് ലൈസൻസില്ലാത്ത ഓട്ടോറിക്ഷകളെ സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ചർച്ചയിൽ പരിഹാരമില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിലേക്കെന്ന് തൊഴിലാളികൾ അറിയിച്ചു.
ദിവസേന 700 ലധികം ഓട്ടോ തൊഴിലാളികളാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനെ ആശ്രയിച്ച് ജീവിക്കുന്നത്. എന്നാൽ സ്റ്റേഷൻ പരിസരത്തുള്ള പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ മുഖാന്തരം യാത്രക്കാരെ സ്വീകരിക്കാൻ കാർട്ട് ലൈസൻസ് നിർബന്ധമാക്കിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഈ തൊഴിലാളികൾ. 30 വർഷത്തോളമായി സിറ്റി പെർമിറ്റ് അനുവദിക്കാത്തതാണ് പ്രധാന പ്രശ്നമെന്നും, വിഷയം ചൂണ്ടികാണിച്ച് നിരവധി പരാതികൾ നൽകിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും തൊഴിലാളികള്‍ പറയുന്നു.
Also Read: എഡിജിപി-തില്ലങ്കേരി കൂടിക്കാഴ്ച: പിണറായിയുടെ പൊളിറ്റ് ബ്യൂറോ നാഗ്പൂരിലാണെന്ന് ഷാഫി പറമ്പില്‍
സമരത്തിൻ്റെ ഭാഗമായി ഓട്ടോറിക്ഷകൾ ബേയിൽ പാർക്ക് ചെയ്തത് അനധികൃതമായി കണക്കാക്കി റെയിൽവേ നിയമ പ്രകാരം ഇവർക്കെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംയുക്ത ട്രേഡ് യൂണിയനും റെയിൽവേ ഡിസിഎമ്മും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷവും വിഷയത്തിൽ അനുകൂല നിലപാടുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനാണ് ഓട്ടോറിക്ഷ തൊഴിലാളികളുടെ തീരുമാനം.
ദിവസേന 1500ലധികം യാത്രക്കാർ സൗത്ത് റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോകളെ ആശ്രയിക്കുന്നുണ്ട്. തൊഴിലാളികളുടെ അനിശ്ചിത കാല സമരം എറണാകുളത്തെത്തുന്ന ദൂരദേശ യാത്രക്കാരെ ഗുരുതരമായി ബാധിക്കും.