വിഖ്യാത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുർമു. എംടിയുടെ മരണം സാഹിത്യലോകത്തിന് തീരാനഷ്ടമാണ്. അദ്ദേഹത്തിൻ്റെ രചനകളിൽ നിറഞ്ഞത് ഗ്രാമീണ ഇന്ത്യയായിരുന്നു. എംടിയുടെ കുടുംബാംഗങ്ങൾക്കും അദ്ദേഹത്തിന്റെ വായനക്കാർക്കും ആരാധകർക്കും രാഷ്ട്രപതി അനുശോചനം അറിയിച്ചു.
ഇന്നലെ രാത്രി 10 മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മലയാളത്തിന്‍റെ പ്രിയ കഥാകാരന്‍റ അന്ത്യം. മരണസമയത്ത് മകള്‍ അശ്വതിയും ഭര്‍ത്താവ് ശ്രീകാന്തും കൊച്ചുമകന്‍ മാധവും സമീപത്തുണ്ടായിരുന്നു. ഇന്ന് വൈകിട്ട് നാല് വരെ എംടിയുടെ വസതിയായ സിതാരയില്‍ പൊതുദർശനമുണ്ടാകും. അന്തിമോപചാരം അര്‍പ്പിച്ച ശേഷം വൈകിട്ട് അഞ്ചുമണിയോടെ കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും.
മലയാള സാഹിത്യത്തെ ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച എംടിക്ക് ആദരമർപ്പിക്കാന്‍ നിരവധി ആളുകളാണ് അദ്ദേഹത്തിന്‍റെ വസതിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, ഇ.പി. ജയരാജന്‍, പാണക്കാട് സാദിഖലി തങ്ങള്‍, മുഹമ്മദ് റിയാസ്, നടന്‍ മോഹന്‍ലാല്‍, സംവിധായകന്‍ ഹരിഹരന്‍ എന്നിങ്ങനെ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ എംടിക്ക് അന്തിമോപചാരം അർപ്പിച്ചു. എം.ടിയുടെ വേര്‍പാടില്‍ അനുശോചിച്ച് സംസ്ഥാനത്ത് രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.