പിആർ ഏജൻസിയുടെ ഇന്ത്യയിലെ പ്രസിഡൻ്റ് മലയാളിയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് മലപ്പുറത്തെക്കുറിച്ചുള്ള പരാമർശം എഴുതിക്കൊടുത്തത്. ആരുമായിട്ടാണ് ഏജൻസി പ്രവർത്തിക്കുന്നതെന്ന് അന്വേഷിക്കണം. അവരുടെ നിർദ്ദേശാനുസരണം ആണ് മുഖ്യമന്ത്രിക്ക് അഭിമുഖം സംഘടിപ്പിച്ചു കൊടുത്തതെന്നും വി.ഡി. സതീശൻ ആരോപിച്ചു.
ALSO READ: അഭിമുഖ വിവാദം; മുഖ്യമന്ത്രിക്ക് ജനങ്ങളോട് സംസാരിക്കാൻ പിആർ ഏജൻസിയുടെ ആവശ്യമില്ല: വി. ശിവൻകുട്ടി
മുഖ്യമന്ത്രിക്ക് അഭിമുഖം നടത്താൻ എന്തിനാണ് പിആർ ഏജൻസിയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മുഖ്യമന്ത്രി ഇൻ്റർവ്യൂവിന് ഇരുന്നു കൊടുത്തു. ഇൻറർവ്യൂവിൽ പറയാത്ത കാര്യം മുഖ്യമന്ത്രി എഴുതിച്ചേർപ്പിച്ചു. ഇപ്പോൾ വീണിടത്ത് കിടന്നു ഉരുളുകയാണ്. ഹിന്ദുവിന്റെ വിശദീകരണം മുഴുവൻ കൊടുക്കാത്ത ഏകപത്രം ദേശാഭിമാനിയാണ്. മുഖ്യമന്ത്രി പറയാത്തതാണ് വന്നതെങ്കിൽ ഏജൻസിക്കെതിരെ കേസെടുക്കുമോയെന്നും വി.ഡി. സതീശൻ ചോദിച്ചു.
മുഖ്യമന്ത്രി അറിയാതെയാണ് ചെയ്തതെങ്കിൽ കേസെടുക്കാൻ ധൈര്യമുണ്ടോ, സംഘപരിവാറിന്‍റെ രാഷ്ട്രീയ പ്രചാരണമാണ് മുഖ്യമന്ത്രിയുടെ നാവിലൂടെ പുറത്തുവന്നത്. രണ്ട് ഏജൻസി പ്രതിനിധികൾ അഭിമുഖം നടക്കുമ്പോൾ കൂടെയുണ്ടായിരുന്നു. മുഖ്യമന്ത്രി പറയാത്തതാണ് എഴുതിയതെങ്കിൽ ക്രിമിനൽ കുറ്റമല്ലേ അവർ ചെയ്തത്. ഡൽഹിയിലുള്ള ഏമാൻമാരെ സന്തോഷിപ്പിക്കാനാണ് അവിടെ പോയി മുഖ്യമന്ത്രി അഭിമുഖം നടത്തിയത്. അവരെ ഭയന്ന് പ്രീതിപ്പെടുത്താനുള്ള ശ്രമമാണ്. ഈ പരാമർശം അല്ലാതെ എന്ത് കാര്യമാണ് അഭിമുഖത്തിലുള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.