സംസ്ഥാനത്ത് അവശ്യവസ്തുക്കള്‍ക്ക് രൂക്ഷമായ വിലക്കയറ്റം നേരിടുന്നുണ്ടെന്ന് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. സാധാരക്കാരുടെ ജീവിതം ദുസ്സഹമായതായും സപ്ലൈ ഇല്ലാത്ത സ്ഥാപനമായി സപ്ലൈകോ മാറിയെന്നും പ്രതിപക്ഷം ആരോപിച്ചു. ഇക്കാര്യങ്ങളുന്നയിച്ച് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ആശ്യവസ്തുക്കളുടെ വിലക്കയറ്റം ദേശീയ പ്രശ്‌നമാണെന്നും, വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാഴ്ചക്കാരായി നില്‍ക്കില്ലെന്നുമാണ് സഭയില്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ മറുപടി പറഞ്ഞത്. സംസ്ഥാനത്ത് പച്ചക്കറിയുടേയും പലവ്യഞ്ജനത്തിന്റെയും വില ക്രമാതീതമായി കൂടിയതിനാല്‍ ജനജീവിതം ദുസ്സഹമാണെന്നും വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു അടിയന്തര പ്രമേയ നോട്ടീസില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടത്. റോജി എം ജോണ്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.
എന്നാല്‍ ഉത്പാദക സംസ്ഥാനത്തെക്കാള്‍ വിലക്കുറവാണ് കേരളത്തിലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ മറുപടി നല്‍കി. വിലക്കയറ്റം തടയാന്‍ ഫലപ്രദമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പച്ചക്കറി വില വര്‍ദ്ധനവില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തും. വിലക്കയറ്റം കേരളത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും, രാജ്യത്താകെയുള്ളതാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ വികല സാമ്പത്തിക നയമാണ് ഈ സ്ഥിതിയിലേക്ക് എത്തിച്ചത്. ഇതിനെതിരെ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ യോജിച്ച് പോരാടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും വിമര്‍ശനം ഉയര്‍ത്തി.
വിലക്കയറ്റത്തിന്റെ വേദന സര്‍ക്കാര്‍ അറിയുന്നില്ലെങ്കിലും ജനങ്ങള്‍ അറിയുന്നുണ്ടെന്ന് റോജി എം ജോണ്‍ തിരിച്ചടിച്ചു. സപ്ലൈ ഇല്ലാത്ത സ്ഥാപനമായി സപ്ലൈകോ മാറിയെന്നും ജനങ്ങള്‍ പുറത്തു നിന്നാണ് സാധനം വാങ്ങുന്നതെന്നുമാണ് റോജി ജോണ്‍ പരിഹസിച്ചത്.
സപ്ലൈകോയെ തകര്‍ക്കുന്ന സമീപനം പ്രതിപക്ഷത്തു നിന്നുണ്ടാകുന്നത് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ആവശ്യമായ പരിഗണന സപ്ലൈകോയ്ക്ക് നല്‍കുന്നുണ്ടെന്നും ഇനിയും നല്‍കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാലും പറഞ്ഞു.
കണക്കുകള്‍ നിരത്തി കൊണ്ടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ധനമന്ത്രിക്ക് മറുപടി പറഞ്ഞത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 862 കോടി രൂപ കുറവാണ് ഇത്തവണ സപ്ലൈകോ ചെലവാക്കിയതെന്നും സപ്ലൈകോയുടെ ഘാതകരായി ഈ സര്‍ക്കാറിനെ വിലയിരുത്തപ്പെടുമെന്നും സതീശന്‍ ആരോപിച്ചു. എന്താണ് സര്‍ക്കാരിന്റെ മുന്‍ഗണനയെന്നും സാധാരണക്കാര്‍ നിങ്ങളുടെ മുന്‍ഗണനയില്‍ ഇല്ലെന്നും സതീശന്‍ പറഞ്ഞു.