NEWSROOM

"നവീൻ സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് പരാതി നൽകിയ പ്രശാന്തൻ പറഞ്ഞിരുന്നു"; ഫാദർ പോൾ എടത്തിനേടം

പെട്രോൾ പമ്പ് നിർമിക്കാനായി പ്രശാന്തൻ പാട്ടത്തിനെടുത്ത ഭൂമിയുടെ ഉടമസ്ഥാവകാശമുള്ള ചേരൻകുന്ന് പള്ളിയുടെ വികാരിയാണ് ഫാദർ പോൾ

Author : ന്യൂസ് ഡെസ്ക്

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ശ്രദ്ധേയ വെളിപ്പെടുത്തലുമായി പള്ളി വികാരി ഫാദർ പോൾ എടത്തിനേടം. നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്ന് നവീനെതിരെ പരാതി നൽകിയ പ്രശാന്തൻ പറഞ്ഞിരുന്നതായാണ് പള്ളി വികാരിയുടെ പ്രസ്താവന. പെട്രോൾ പമ്പ് നിർമിക്കാനായി പ്രശാന്തൻ പാട്ടത്തിനെടുത്ത ഭൂമിയുടെ ഉടമസ്ഥാവകാശമുള്ള ചേരൻകുന്ന് പള്ളിയുടെ വികാരിയാണ് ഫാദർ പോൾ.  പെട്രോൾ പമ്പിന് നവീൻ ബാബു എൻഒസി നൽകുമെന്നും പ്രശാന്തൻ വെളിപ്പെടുത്തിയിരുന്നെന്നും ഫാദർ പോൾ പറഞ്ഞു.

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഓരോ ദിനവും പുതിയ പുതിയ വെളിപ്പെടുത്തലുകളാണ് ഉണ്ടാകുന്നത്. ഇതിലേറെ ശ്രദ്ധേയം നവീൻ ബാബുവിനെതിരെ പരാതി നൽകിയ പ്രശാന്തിന്റേതെന്ന് പറയുന്ന വെളിപ്പെടുത്തലാണ്. പെട്രോൾ പമ്പിനായി നവീൻ ബാബു എൻഒസി നൽകുമെന്ന് പ്രശാന്തൻ പറഞ്ഞതായാണ് ഫാദർ പോൾ എടത്തിനേടം പറഞ്ഞത്. നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും അന്ന് പ്രശാന്തൻ പറഞ്ഞിരുന്നു എന്നും ഫാദർ പോൾ വെളിപ്പെടുത്തി.

2023 സെപ്റ്റംബറിലാണ് തളിപ്പറമ്പ് - ഇരിട്ടി സംസ്ഥാനപാതയിൽ ചേരന്മൂലയിൽ ഇടവകയുടെ ഉടമസ്ഥതയിലുള്ള 40 സെന്റ് സ്ഥലം പെട്രോൾ പമ്പ് നിർമിക്കാൻ ലീസിന് ആവശ്യപ്പെട്ട് പ്രശാന്തൻ എത്തുന്നത്. ഇതിന് പിന്നാലെ പാട്ടത്തിന് ഭൂമി നൽകി. എന്നാൽ ഇതിന് ശേഷം എൻഒസി ലഭിക്കാൻ ഏറെ തടസ്സങ്ങൾ ഉണ്ടായി. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഉദ്യോഗസ്ഥ പുനർവിന്യാസത്തിന്റെ ഭാഗമായി നവീൻ ബാബു കണ്ണൂരിൽ എഡിഎം ആയി എത്തുന്നതും ഈ സമയത്താണ്. ഈ കാലയളവിലാണ് നവീൻ ബാബു നല്ല ഉദ്യോഗസ്ഥനാണെന്ന് പ്രശാന്തൻ പറഞ്ഞത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കരാർ അവസാനിപ്പിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളെകുറിച്ചാണ് ഇപ്പോൾ പള്ളിയുമായി ബന്ധപ്പെട്ടവർ ആലോചിക്കുന്നത്.

എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ കൂടുതൽ ആരോപണങ്ങളും ഉയരുകയാണ്. വിവാദമായ യോഗത്തിൽ പ്രസംഗിക്കുന്നത് റെക്കോർഡ് ചെയ്യാൻ പ്രാദേശിക ചാനൽ പ്രതിനിധിയെ മുൻകൂട്ടി വിളിച്ചുവരുത്തി എന്ന ആരോപണമാണ് ഉയരുന്നത്. അതിനൊപ്പം ഇടത് അനുകൂലമായ ഫേസ്ബുക്ക് പ്രൊഫൈലുകളിലും ദിവ്യക്കെതിരെ ആരോപണങ്ങൾ ഉയരുന്നുണ്ട്. ദിവ്യക്ക് ബിനാമി ബിസിനസുകൾ ഉണ്ട് എന്നതുൾപ്പെടെയാണ് ആരോപണം.

SCROLL FOR NEXT