NEWSROOM

മരണകാരണം തലയ്‌ക്കേറ്റ പരിക്ക്, ശരീരത്തിൽ മറ്റു പരിക്കുകൾ; സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിച്ചു കൊലപ്പെടുത്തിയ ഐവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്

കേസിൽ പ്രതികളായ സിഐഎസ്എഫ് എസ്ഐ വിനയകുമാർ ദാസ്, കോൺസ്റ്റബിൾ മോഹൻ എന്നിവരെ സർവീസിൽ നിന്നും സസ്പെൻ്റ് ചെയ്തിരുന്നു. ഇരുവർക്കുമെതിരെ സിഐഎസ്എഫ് ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചു.

Author : ന്യൂസ് ഡെസ്ക്

നെടുമ്പാശ്ശേരിയിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിച്ചു കൊലപ്പെടുത്തിയ ഐവിൻ്റെ മരണം തലക്കേറ്റ പരിക്ക് മൂലമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. തല മതിലിലോ മറ്റോ ഇടിച്ചതായി സംശയയിക്കുന്നു.ശരീരത്തിൽ മറ്റു പരിക്കുകൾ ഉണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.തുറവൂർ സ്വദേശി ഐവിൻ ജിജോയാണ് കൊല്ലപ്പെട്ടത്. സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ഐവിനെ കൊലപ്പെടുത്തിയത്.

കേസിൽ പ്രതികളായ സിഐഎസ്എഫ് എസ്ഐ വിനയകുമാർ ദാസ്, കോൺസ്റ്റബിൾ മോഹൻ എന്നിവരെ സർവീസിൽ നിന്നും സസ്പെൻ്റ് ചെയ്തിരുന്നു. ഇരുവർക്കുമെതിരെ സിഐഎസ്എഫ് ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഏതന്വേഷണത്തോടും സഹകരിക്കുമെന്ന് സിയാൽ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.ഐവിൻ്റെ കൊലപാതകംഗൗരവമായ സംഭവമാണെന്ന് മന്ത്രി പി. രാജീവ് പ്രതികരിച്ചു. ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ​ദിവസം രാത്രി 10 മണിയോടെ നെടുമ്പാശ്ശേരിയിലാണ് സംഭവമുണ്ടായത്.തുറവൂർ സ്വദേശി ഐവിൻ ജിജോയും സിഐഎസ്എഫ് ഉദ്യോഗസ്ഥരും തമ്മിൽ വാഹനത്തിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ഇതാണ് ഐവിനെ കാറിടിച്ച് കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്.

സംഭവസമയത്ത് സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷി വെളിപ്പെടുത്തി. തർക്കം ഐവിൻ ജിജോ മൊബൈലിൽ പകർത്താൻ ശ്രമിച്ചത് ഉദ്യോഗസ്ഥരെ കൂടുതൽ പ്രകോപിപിച്ചു. ഉദ്യോഗസ്ഥർ നാട്ടുകാരെയും മർദ്ധിക്കാൻ ശ്രമിച്ചുവെന്ന് കെഎസ്എഫ്ഇ റിട്ടയേർഡ് മാനേജർ തോമസ് വെളിപ്പെടുത്തി.

മൃതദേഹം വന്നു വീണത് തോമസിന്റെ വീടിനു മുന്നിലാണ്. റോഡിലേക്ക് കയറിയ ഐവിനു മുകളിൽ കൂടി ഉദ്യോഗസ്ഥർ കാർ കയറ്റി ഇറക്കി.CISF ഉദ്യോഗസ്ഥർ നായത്തോട് പ്രദേശത്തെ സ്ഥിരം പ്രശ്നക്കാർ എന്നും നാട്ടുകാർ പറഞ്ഞു. വേസ്റ്റ് ഇടുന്നതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാർ പല തവണ പഞ്ചായത്തിൽ പരാതിപ്പെട്ടിരുന്നു.

സംഭവ സ്ഥലത്തുവെച്ച് നാട്ടുകാരുടെ മർദനമേറ്റ വിനയകുമാർ ദാസ് നിലവിൽ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഓടി രക്ഷപ്പെട്ട മോഹനനെ ഇന്ന് രാവിലെ വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടി.സിഐഎസ്എഫ് ഉദ്യോഗസ്ഥർ യുവാവിനെ കാറിൻ്റെ ബോണറ്റിൽ കയറ്റി വലിച്ച് കൊണ്ട് പോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരു കിലോമീറ്ററോളമാണ് കാറിൽ യുവാവിനെ വലിച്ചുകൊണ്ടു പോയത്. ബോണറ്റിന് മുകളിൽ വീണ ഐവിനെ വലിച്ചിഴച്ചു കൊണ്ടുപോയെന്ന് എഫ്ഐആറിലും വ്യക്തമാക്കുന്നുണ്ട്.

SCROLL FOR NEXT