NEWSROOM

കൊല്‍ക്കത്ത ഡോക്ടറുടെ ബലാത്സംഗ കൊലപാതകം; നാർക്കോ ടെസ്റ്റിന് വിസമ്മതിച്ച് പ്രതി സഞ്ജയ് റോയ്

ഇക്കഴിഞ്ഞ ഓഗസ്റ്റ് 24 ന് നുണ പരിശോധന അഥവാ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനായ പ്രതി സഞ്ജയ് റോയിയെ, ഇനി നാർക്കോ അനാലിസിസ് ടെസ്റ്റിന് വിധേയനാക്കണമെന്നായിരുന്നു സിബിഐയുടെ ആവശ്യം.

Author : ന്യൂസ് ഡെസ്ക്





കൊല്‍ക്കത്ത ജൂനിയർ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ നാർക്കോ ടെസ്റ്റിന് വിസമ്മതിച്ച് പ്രതി സഞ്ജയ് റോയ്. ഇതോടെ പരിശോധന വേണമെന്ന സിബിഐയുടെ ആവശ്യം കോടതി തള്ളി. നിയപ്രകാരം, പ്രതിയുടെ സമ്മതമില്ലാതെ നാർക്കോ ടെസ്റ്റ് നടത്താനാകില്ല.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 24 ന് നുണ പരിശോധന അഥവാ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനായ പ്രതി സഞ്ജയ് റോയിയെ, ഇനി നാർക്കോ അനാലിസിസ് ടെസ്റ്റിന് വിധേയനാക്കണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. കേസ് പരിഗണിക്കുന്ന സീൽദയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ ഈ ആവശ്യവുമായി സിബിഐ സംഘം സമീപിച്ചു. എന്നാല്‍ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് പ്രതി കോടതിയില്‍ പറഞ്ഞതോടെ സിബിഐയുടെ ആവശ്യം തള്ളുകയായിരുന്നു.

സുപ്രീം കോടതിയുടെ 2010ലെ വിധിപ്രകാരം, വിധേയനാകുന്ന വ്യക്തിയുടെ സമ്മതമുണ്ടെങ്കില്‍ മാത്രമേ നാർക്കോ പരിശോധന നടത്താനാകൂ. സോഡിയം പെൻ്റോതാള്‍ എന്ന മരുന്ന് കുത്തിവെച്ച് ഹിപ്നോട്ടിക് അവസ്ഥയിലേക്ക് എത്തിച്ച് ചോദ്യം ചെയ്യുന്നതാണ് നാർക്കോ അനാലിസിസ് ടെസ്റ്റ്. നുണ പറയുക എന്നത് ഏറെക്കുറെ ബുദ്ധിമുട്ടാണെന്നതാണ് പരിശോധനയുടെ നേട്ടം. പ്രതിയുടെ മൊഴികളിലെ പൊരുത്തക്കേടുകൾ അറിയുന്നതിനും കൂടുതൽ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനും നാർക്കോ അനാലിസിസ് ഉപകാരപ്പെടുമെന്നായിരുന്നു സിബിഐയുടെ വാദം.

ഇതിനിടെ, വനിതാ ഡോക്ടറുടെ ശരീരത്തില്‍ കണ്ടെത്തിയ പല്ലുകളുടെ പാടുകള്‍ പ്രതിയുടേതാണോ എന്ന് സ്ഥിരീകരിക്കുന്നതിനും പരിശോധന ആരംഭിച്ചു. സഞ്ജയ് റോയുടെ പല്ലിന്‍റെ അടയാളങ്ങള്‍ ഇതിനായി ശേഖരിച്ചു. കേസിലെ നിർണ്ണായക തെളിവുകളിലൊന്നാകും ഇത്.

SCROLL FOR NEXT