NEWSROOM

റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി മോദി ഇന്ന് ഏറ്റുവാങ്ങും

ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ മോദി സ്വീകരിച്ച നടപടികൾ കണക്കിലെടുത്താണ് ബഹുമതി നൽകുന്നത്. 2019 ഏപ്രിൽ 12നാണ് നരേന്ദ്ര മോദിയെ റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിക്കായി തെരഞ്ഞെടുത്തത്.

Author : ന്യൂസ് ഡെസ്ക്

2019ൽ റഷ്യ പ്രഖ്യാപിച്ച റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് സെയ്ൻ്റ് ആൻഡ്രൂ പുരസ്‌കാരം' പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഏറ്റുവാങ്ങും. മോസ്‌കോ ക്രെംലിനിലെ സെയ്ൻ്റ് കാതറിൻസ് ഹാളിൽ വെച്ചാണ് പ്രധാനമന്ത്രി ബഹുമതി ഏറ്റുവാങ്ങുക. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ മോദി സ്വീകരിച്ച നടപടികൾ കണക്കിലെടുത്താണ് ബഹുമതി നൽകുന്നത്. 2019 ഏപ്രിൽ 12നാണ് നരേന്ദ്ര മോദിയെ റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിക്കായി തെരഞ്ഞെടുത്തത്.

യേശുവിൻ്റെ ആദ്യ അപ്പോസ്തലനും, റഷ്യയുടെ രക്ഷാധികാരിയുമായ വിശുദ്ധ ആൻഡ്രൂവിൻ്റെ ബഹുമാനാർത്ഥം സാർ പീറ്റർ 1698ലാണ് പുരസ്‌കാരം അവതരിപ്പിച്ചത്. ഏറ്റവും മികച്ച സിവിലിയൻ, അല്ലെങ്കിൽ സൈനിക സേവനത്തിന് മാത്രമാണ് ഇത് നൽകുന്നത്. ബഹുമതി ലഭിച്ചതിൽ അഭിമാനിക്കുന്നതായും, റഷ്യൻ പ്രസിഡൻ്റ് പുടിനും റഷ്യയിലെ ജനങ്ങൾക്കും നന്ദിയുണ്ടെന്നും പ്രധാനമന്ത്രി അന്ന് പ്രതികരിച്ചിരുന്നു.

22ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ മോസ്‌കോവിലെത്തിയത്. യുക്രെയ്ന്‍ അധിനിവേശത്തിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ റഷ്യന്‍ സന്ദര്‍ശനമാണിത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ സംബന്ധിച്ചിടത്തോളം, പാശ്ചാത്യ ഉപരോധത്തില്‍ റഷ്യ ഒറ്റപ്പെട്ടിട്ടില്ലെന്ന് തെളിയിക്കാനുള്ള സുവർണാവസരമാണിത്. മറുവശത്ത് യുദ്ധത്തെ അപലപിക്കുകയോ, റഷ്യയ്ക്ക് മേലുള്ള ഉപരോധത്തില്‍ പങ്കാളിയാവുകയോ ചെയ്യാത്ത ഇന്ത്യ ഈ നിലപാട് കൊണ്ട് ശക്തമായ നേട്ടങ്ങളാണ് ലക്ഷ്യം വെയ്ക്കുന്നത്.

SCROLL FOR NEXT