NEWSROOM

"പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ മറുപടി നൽകിയത് 22 മിനുട്ട് കൊണ്ട്"; ഓപറേഷന്‍ സിന്ദൂറിനെ പ്രശംസിച്ച് പ്രധാനമന്ത്രി

സിന്ദൂരത്തെ അവര്‍ വെടിമരുന്നാക്കിയാല്‍ എന്താണ് സംഭവിക്കുകയെന്ന് ശത്രുക്കള്‍ തിരിച്ചറിഞ്ഞുവെന്നും മോദി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്


പഹല്‍ഗാം ഭീകരാക്രമണത്തിന് 22 മിനുട്ട് കൊണ്ട് ഓപറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ മറുപടി കൊടുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ബിക്കാനിറിലെ റാലിയില്‍ പങ്കെടുത്ത് ഇന്ത്യൻ സൈനികരെ പ്രശംസിക്കുകയായിരുന്നു അദ്ദേഹം.

സിന്ദൂരത്തെ വെടിമരുന്നാക്കിയാല്‍ എന്താണ് സംഭവിക്കുകയെന്ന് ഇന്ത്യയുടെ ശത്രുക്കള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇപ്പോൾ തന്റെ ഞരമ്പുകളില്‍ തിളയ്ക്കുന്നത് രക്തമല്ല, സിന്ദൂരമാണെന്നും മോദി പറഞ്ഞു.

''സര്‍ക്കാര്‍ മൂന്ന് സേനകള്‍ക്കും സമ്പൂര്‍ണ സ്വാതന്ത്ര്യം നല്‍കി. ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടത്തിയ ഭീകരാക്രമണത്തിന് ഓപറേഷന്‍ സിന്ദൂറിലൂടെ 22 മിനുട്ട് കൊണ്ട് മറുപടി നല്‍കി. ഒൻപത് സൈനിക കേന്ദ്രങ്ങള്‍ നമ്മള്‍ ആക്രമിച്ചു,'' മോദി പറഞ്ഞു.

പാകിസ്ഥാനെ തുറന്നുകാണിക്കാന്‍ പ്രതിനിധി സംഘം ലോകം മുഴുവന്‍ പോകുന്നുണ്ട്. അവരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള കളികളൊന്നും ഇനി നടക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ഓപറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന് മറുപടി നല്‍കിയത്. പ്രധാനപ്പെട്ട ഭീകര കേന്ദ്രങ്ങളായിരുന്നു ഇന്ത്യ തകര്‍ത്തത്. ഇതിന് പിന്നാലെ പാകിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തികളില്‍ ഷെല്ലാക്രമണം ശക്തമാക്കിയിരുന്നു. ഇതിന് മറുപടിയായി ഇന്ത്യ വീണ്ടും തിരിച്ചടിക്കുകയും ചെയ്തിരുന്നു.

SCROLL FOR NEXT