NEWSROOM

രാജ്യത്തെ ആദ്യ വന്ദേ ഭാരത് മെട്രോയ്ക്ക് പച്ചക്കൊടി വീശി പ്രധാനമന്ത്രി നരേന്ദ്ര മോദി

നമോ ഭാരത് റാപിഡ് റെയിൽ എന്നാണ് ഇനിമുതൽ വന്ദേ ഭാരത് മെട്രോ സർവീസുകൾ അറിയപ്പെടുക

Author : ന്യൂസ് ഡെസ്ക്




ഇന്ത്യയിലെ ആദ്യ വന്ദേ ഭാരത് മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിൽ നിർവഹിച്ചു. ഗുജറാത്തിലെ ഭുജിനും അഹമ്മദാബാദിനും ഇടയിലാണ് രാജ്യത്തെ ആദ്യ വന്ദേ ഭാരത് മെട്രോ സർവീസ് ആരംഭിക്കുന്നത്. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിൻ 5 മണിക്കൂറും 45 മിനിറ്റും കൊണ്ട് 360 കിലോമീറ്ററാണ് യാത്ര നടത്തുക. നമോ ഭാരത് റാപിഡ് റെയിൽ എന്നാണ് ഇനിമുതൽ വന്ദേ ഭാരത് മെട്രോ സർവീസുകൾ അറിയപ്പെടുക. ഉദ്ഘാടനത്തിന് മണിക്കൂറുകൾക്ക് മുമ്പ് ആണ് മെട്രോയുടെ പേര് റെയിൽവേ മന്ത്രാലയം പുനർനാമകരണം ചെയ്തത്.

ശനിയാഴ്ച ഒഴികെ എല്ലാ ദിവസവും വൈകുന്നേരം 5:30 ന് അഹമ്മദാബാദിൽ നിന്ന് പുറപ്പെട്ട് അതേ ദിവസം രാത്രി 11:10 ന് ട്രെയിൻ ഭുജിലെത്തും. സെപ്റ്റംബർ 17 മുതലാണ് സർവീസ് ആരംഭിക്കുക. ജിഎസ്ടി അടക്കം 30 രൂപയാണ് വന്ദേ ഭാരത് മെട്രോയുടെ ടിക്കറ്റ് നിരക്ക്. സീസൺ ടിക്കറ്റ് സൗകര്യവും യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്. ഒരാഴ്‌ച മുതൽ ഒരു മാസം വരെയുള്ള യാത്രകൾക്ക് ആണ് സീസൺ ടിക്കറ്റ് സൗകര്യം ലഭ്യമാകുക. 

അഹമ്മദാബാദിൽ 8000 കോടി രൂപയുടെ വികസന പദ്ധതികൾക്കും മോദി തറക്കല്ലിട്ടു. പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമിന് കീഴിൽ 30000 ലധികം വീടുകൾ നിർമിച്ചു നൽകുന്ന പദ്ധതിയും മോദി ഉദ്ഘാടനം ചെയ്തു.




SCROLL FOR NEXT