മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധാരണക്കാരുടെ ഉന്നമനത്തിനായി കഠിനമായി പ്രവര്‍ത്തിച്ച പ്രധാനമന്ത്രിയായിരുന്നു അദ്ദേഹമെന്ന് നരേന്ദ്രമോദി അനുസ്മരിച്ചു.
താഴേക്കിടയില്‍ നിന്ന് ഉയര്‍ന്നു വന്ന് രാജ്യം ബഹുമാനിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞനായി മാറിയ വ്യക്തിത്വം. ധനമന്ത്രി ഉള്‍പ്പെടെ വിവിധ ഭരണ പദവികളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചു.
രാജ്യത്തിന്റെ സാമ്പത്തികനയത്തില്‍ ശക്തമായ മുദ്ര പതിപ്പിച്ച വ്യക്തിയാണ് മന്‍മോഹന്‍ സിങ് എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു.
വ്യാഴാഴ്ച രാത്രി 9.51 നായിരുന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വിടവാങ്ങിയത്. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ത്യയില്‍ നവസാമ്പത്തിക ക്രമം ചിട്ടപ്പെടുത്തിയയാള്‍ എന്ന നിലയില്‍ ശ്രദ്ധേയനായ വ്യക്തിയായിരുന്നു. തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, ആരോഗ്യ മിഷന്‍, ആധാര്‍ എന്നിവ നടപ്പാക്കിയ പ്രധാനമന്ത്രി. വിശേഷണങ്ങള്‍ അനവധിയാണ് മന്‍മോഹന്‍ സിങ്ങിന്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍, യുജിസി ചെയര്‍മാന്‍, ധനസെക്രട്ടറി തുടങ്ങിയ പദവികളിലെല്ലാം മികവു തെളിയിച്ച ബഹുമുഖ പ്രതിഭ കൂടിയായിരുന്നു അദ്ദേഹം.
2004 മേയ് 22 മുതല്‍ തുടര്‍ച്ചയായ പത്ത് വര്‍ഷക്കാലം രാജ്യത്തിന്റെ പ്രധാനമന്ത്രിപദം അലങ്കരിച്ച മന്‍മോഹന്‍ സിങ്ങിന്റെ കാലത്തായിരുന്നു രാജ്യാന്തര തലത്തില്‍ ഇന്ത്യക്ക് ഏറ്റവും അംഗീകാരം ലഭിച്ചത്.