NEWSROOM

"ഇന്ത്യയുടെ ജലം ഇന്ത്യയുടെ താല്‍പ്പര്യമനുസരിച്ച് ഉപയോഗിക്കും"; പാകിസ്ഥാന് മറുപടിയുമായി പ്രധാനമന്ത്രി

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്ഥാനെതിരെ കടുത്ത നടപടികളിലേക്ക് കടന്നിരുന്നു.

Author : ന്യൂസ് ഡെസ്ക്


സിന്ധു നദീജല കരാര്‍ റദ്ദാക്കിയതില്‍ നിന്നും പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ജലം ഇന്ത്യയുടെ താല്‍പ്പര്യത്തിനനുസരിച്ച് ഉപയോഗിക്കുമെന്നാണ് പ്രധാനമന്ത്രി എബിപി നെറ്റ്‌വര്‍ക്കിന്റെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ചത്.

'അടുത്ത കാലത്തായി മാധ്യമങ്ങളില്‍ വെള്ളത്തെക്കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്നു. നേരത്തെ രാജ്യത്തിന് പുറത്തേക്ക് നദിയിലെ ജലം ഒഴുകുക എന്നത് ഇന്ത്യയുടെ അവകാശമായിരുന്നു. അതുപോലെ തന്നെ ഇപ്പോള്‍ ഇന്ത്യയുടെ ജലം ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് ഒഴുകും. അത് ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സംരക്ഷിക്കപ്പെടും. ഇന്ത്യയുടെ പുരോഗതിക്കായി ഉപയോഗിക്കും,' പ്രധാനമന്ത്രി പറഞ്ഞു.

പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിന് പിന്നാലെ രാജ്യം പാകിസ്ഥാനെതിരെ കടുത്ത നടപടികളിലേക്ക് കടന്നിരുന്നു. സിന്ധു നദീജല കരാര്‍ റദ്ദാക്കുകയായിരുന്നു അതില്‍ പ്രധാനപ്പെട്ടത്. എന്നാല്‍ പാകിസ്ഥാന്‍ ശക്തമായാണ് ഇന്ത്യയുടെ ഈ നടപടിക്കെതിരെ പ്രതികരിച്ചത്. ഇന്ത്യയില്‍ നിന്നും പാകിസ്ഥാനിലൂടെ ഒഴുകുന്ന നദിയിലെ ജലത്തിന്റെ ലഭ്യത ഇല്ലാതാക്കുന്നത് യുദ്ധ പ്രഖ്യാപനമാണെന്നായിരുന്നു പാകിസ്ഥാന്‍ പറഞ്ഞത്. ഇതിന് പകരമായി പാകിസ്ഥാന്‍ ഇന്ത്യയുമായി ഉണ്ടാക്കിയ ഷിംല കരാര്‍ റദ്ദാക്കുകയാണെന്നും പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉണ്ടാക്കിയ സമാധാന ഉടമ്പടിയാണ് ഷിംല കരാര്‍. കരാര്‍ റദ്ദാക്കിയതിന് പിന്നാലെ പാകിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തികളില്‍ പ്രകോപനം തുടരുന്ന സാഹചര്യവുമുണ്ട്. ഇന്ത്യയ്‌ക്കെതിരെ യുദ്ധത്തിന് തയ്യാറാണെന്ന് പാകിസ്ഥാന്‍ പലയാവര്‍ത്തി പറയുകയും ചെയ്തിരുന്നു. ആവശ്യമെങ്കില്‍ ആണവായുധമടക്കം ഉപയോഗിക്കാന്‍ സജ്ജമാണെന്നും പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി നേരത്തെ പറഞ്ഞിരുന്നു. 

SCROLL FOR NEXT