NEWSROOM

ബ്രിട്ടനിൽ പ്രധാനമന്ത്രി ഋഷി സുനകിൻ്റെ കൺസർവേറ്റീവ് പാർട്ടി തോൽക്കുമെന്ന് പ്രീപോൾ സർവേ ഫലങ്ങൾ

ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമറിന് ചരിത്ര വിജയമാണ് പ്രീപോളുകൾ പ്രവചിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ബ്രിട്ടനിൽ വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രീപോൾ സർവേ ഫലങ്ങൾ പുറത്തുവിട്ടു. പ്രധാനമന്ത്രി ഋഷി സുനകിൻ്റെ കൺസർവേറ്റീവ് പാർട്ടി ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് സർവേ ഫലങ്ങൾ പറയുന്നത്. കൺസർവേറ്റീവ് പാർട്ടിയുടെ ശക്തികേന്ദ്രമായ റിച്ച്മോണ്ടിലെ സീറ്റിൽ ഋഷി സുനക് പരാജയപ്പെടുമെന്നും സർവേ കണ്ടെത്തലുണ്ട്. ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമറിന് ചരിത്ര വിജയമാണ് പ്രീപോളുകൾ പ്രവചിക്കുന്നത്. 14 വർഷമായി പ്രതിപക്ഷത്തുള്ള ലേബർ പാർട്ടി വൻഭൂരിപക്ഷത്തോടെ അധികാരം നേടുമെന്നും സർവേകൾ വ്യക്തമാക്കുന്നു. ലിബറൽ ഡെമോക്രാറ്റുകൾക്ക് അവരുടെ എക്കാലത്തെയും മികച്ച പ്രകടനവും പ്രീപോൾ സർവേകൾ പ്രവചിക്കുന്നുണ്ട്.

സർക്കാരിൻറെ കാലാവധി പൂർത്തിയാകുന്നതിനു മുമ്പേ അപ്രതീക്ഷിതമായാണ് ജൂലൈയിൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ഋഷി സുനക് പ്രഖ്യാപിച്ചത്. കടുത്ത ഭരണവിരുദ്ധവികാരമാണ് കൺസർവേറ്റീവ് പാർട്ടിക്കെതിരെ രാജ്യത്ത് നിലനിൽക്കുന്നത്. പാർട്ടി രണ്ട് നൂറ്റാണ്ടിലെ ഏറ്റവും മോശം പ്രകടനം നടത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. സമീപകാലത്തെ അനുകൂല സാമ്പത്തിക സ്ഥിതിയും, പണപ്പെരുപ്പം 2.3 ശതമാനമായി കുറഞ്ഞതും ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് തെരഞ്ഞെടുപ്പ് നേരത്തെയാക്കിയത്.

650 അംഗങ്ങളുള്ള പാർലമെൻ്റിൽ ഭൂരിപക്ഷം തെളിയിക്കുന്ന പാർട്ടിക്കോ സഖ്യത്തിനോ സർക്കാർ രൂപീകരിക്കാം, അതിൻ്റെ നേതാവ് പ്രധാനമന്ത്രിയാകും. അഞ്ച് വർഷമാണ് കാലാവധി. 2022 ഒക്‌ടോബർ മുതൽ പ്രധാനമന്ത്രി ഋഷി സുനക് കൺസർവേറ്റീവ് പാർട്ടി നേതാവാണ്. 2020 ഏപ്രിൽ മുതലുള്ള ലേബർ പാർട്ടി നേതാവും മുൻ പബ്ലിക് പ്രോസിക്യൂഷൻ ഡയറക്ടറുമായ കെയർ സ്റ്റാർമർ ആണ് പ്രധാന എതിരാളി. സ്കോട്ടിഷ് നാഷണൽ പാർട്ടി, ലിബറൽ ഡെമോക്രാറ്റുകൾ, ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി എന്നിവയാണ് തെരഞ്ഞെടുപ്പ് രംഗത്തുള്ള മറ്റ് പ്രധാന പാർട്ടികൾ. മുൻ കൺസർവേറ്റീവുകൾ രൂപീകരിച്ച പുതിയ റിഫോം പാർട്ടിയും ബ്രിട്ടണിലെ തെരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിച്ചേക്കാം.

SCROLL FOR NEXT