ബംഗ്ലദേശിൽ കലാപം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തലസ്ഥാനമായ ധാക്കയിലെ തൻ്റെ വസതി ഉപേക്ഷിച്ചതായി റിപ്പോർട്ട്. പ്രധാനമന്ത്രിയും സഹോദരിയും ധാക്ക വിട്ട് മറ്റൊരു സുരക്ഷിതമായ സ്ഥലത്തേക്ക് നീങ്ങിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഷെയ്ഖ് ഹസീന നിലവിൽ എവിടെയാണെന്നുള്ളതിന് കൃത്യമായ വിവരം ലഭ്യമായിട്ടില്ല.
അതേസമയം കലാപത്തിൽ പ്രതിഷേധക്കാരും ഭരണകക്ഷിയായ അവാമി ലീഗിൻ്റെ അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്ന് മാത്രം 98 പേർ മരിച്ചതായി റിപ്പോർട്ട്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ പ്രക്ഷോഭം ശക്തമാക്കിയതോടെ ഭരണകക്ഷിയായ അവാമി ലീഗ് പ്രവര്‍ത്തകര്‍ ഇവരെ നേരിടാന്‍ തെരുവിലിറങ്ങുകയായിരുന്നു. മരിച്ചവരില്‍ 14 പേര്‍ പൊലീസുകാരാണെന്നാണ് റിപ്പോര്‍ട്ട്.
വിവാദ ക്വാട്ട പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശിൽ പൊലീസും വിദ്യാർഥി പ്രതിഷേധക്കാരും തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലിൽ ഇതുവരെ 300 ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇതിനെത്തുർടന്ന് ബംഗ്ലാദേശിൽ താമസിക്കുന്ന പൗരന്മാരോട് ജാഗ്രത പാലിക്കാൻ ഇന്ത്യ ഗവൺമെൻ്റ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നടന്ന രൂക്ഷമായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരുക്കേറ്റിരുന്നു.