മഹാരാഷ്ട്രയില്‍ ശിവജി പ്രതിമ തകർന്ന സംഭവത്തില്‍ പ്രധാനമന്ത്രി നടത്തിയ ക്ഷമാപണത്തെ വിമർശിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. നരേന്ദ്ര മോദിയുടെ മാപ്പ് അഹങ്കാരമാണെന്നും ജനങ്ങള്‍ അത് തള്ളിക്കളഞ്ഞെന്നും ഉദ്ധവ് പറഞ്ഞു. പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡികള്‍ മുംബൈയില്‍ സംഘടിപ്പിച്ച 'ജോഡെ മാരോ' പ്രതിഷേധ റാലിയില്‍ സംസാരിക്കുകയായിരുന്നു ശിവസേന നേതാവ്.
"നിങ്ങള്‍ പ്രധാനമന്ത്രിയുടെ ക്ഷമാപണത്തിലെ അഹങ്കാരം ശ്രദ്ധിച്ചോ പ്രധാനമന്ത്രി മാപ്പ് ചോദിച്ചത് എന്തിനായിരുന്നു? എട്ട് മാസം മുന്‍പ് അദ്ദേഹം പ്രതിമ ഉദ്ഘാടനം ചെയ്തതിനോ? അതിനെ ചുറ്റിപ്പറ്റിയുള്ള അഴിമതിക്കോ? ശിവജി മഹാരാജിനെ അപമാനിച്ചവർക്കെതിരെ മഹാ വികാസ് അഘാഡി പ്രവർത്തകർ ഒരുമിച്ച് പ്രവർത്തിക്കണം. മഹാരാഷ്ട്രയുടെ ആത്മാവിനേറ്റ പ്രഹരമാണ് പ്രതിമയുടെ തകർച്ച" , ഉദ്ധവ് താക്കറെ പറഞ്ഞു.
ഛത്രപതി ശിവജി വെറുമൊരു പേര് മാത്രമല്ലെന്നും ശിവജിയെ ദൈവമായി കാണുന്ന, പ്രതിമയുടെ തകർച്ചയില്‍ വിഷമം ഉണ്ടായ എല്ലാവരോടും ശിരസ് കുമ്പിട്ട് മാപ്പ് ചോദിക്കുന്നുവെന്നായിരുന്നു സംഭവത്തില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. നമ്മുടെ ദൈവത്തേക്കാൾ വലുതല്ല മറ്റൊന്നുമെന്നും മോദി കൂട്ടിച്ചേർത്തു.
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കേ സംഭവിച്ച പ്രതിമ തകർച്ചയും ക്ഷമാപണവും രാഷ്ട്രീയമായ കോളിളക്കങ്ങളാണ് സംസ്ഥാനത്ത് സൃഷ്ടിച്ചിരിക്കുന്നത്. ജോഡെ മാരോ എന്ന പേരില്‍ പ്രതിഷേധങ്ങളുമായി സജീവമാണ് പ്രതിപക്ഷ കക്ഷികള്‍. ചെരുപ്പ് കൊണ്ട് അടി എന്നാണ് ജോഡെ മാരോ എന്ന വാക്കിന്‍റെ അർത്ഥം. ഇതിന്‍റെ ഭാഗമായാണ് മഹാവികാസ് അഘാഡി ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ കോട്ട ഭാഗത്ത് പ്രതിപക്ഷ റാലി സംഘടിപ്പിച്ചത്. റാലിയില്‍ 'ഇന്ത്യ' ബ്ലോക്കിലെ ഉന്നത നേതാക്കളായ ശിവസേനയുടെ ഉദ്ധവ് തക്കറെ, എന്‍സിപിയുടെ ശരദ് പവാർ, കോണ്‍ഗ്രസ് പ്രസിഡന്‍റ് നാനാ പഠോളെ എന്നിവർ പങ്കെടുത്തു.
പ്രതിപക്ഷ പ്രതിഷേധത്തെ നിയന്ത്രിക്കാന്‍ വന്‍ സുരക്ഷ സംവിധാനങ്ങളാണ് ഏക്നാഥ് ഷിന്‍ഡെ സർക്കാർ മുംബൈയില്‍ ഒരുക്കിയിരിന്നത്. ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ വലിയ തോതില്‍ സുരക്ഷ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് സ്മാരകത്തിലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്.
പ്രതിപക്ഷം വിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്നാണ് ഏക്നാഥ് ഷിന്‍ഡെ സർക്കാരിന്‍റെ വാദം. ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഇത് വ്യക്തമാക്കി. "50 വർഷത്തിലേറെയായി കോൺഗ്രസിൻ്റെയും എൻസിപിയുടെയും നേതാക്കൾ ശിവജി മഹാരാജിനെ അപമാനിക്കുകയാണ്. ചെങ്കോട്ടയിൽ നിന്ന് ശിവജി മഹാരാജിനെക്കുറിച്ച് ഇന്ദിരാഗാന്ധി ഒരക്ഷരം മിണ്ടിയിട്ടില്ല, കോൺഗ്രസ് അതിന് മാപ്പ് പറയുമോ? പ്രധാനമന്ത്രി മോദി മാപ്പ് പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തു വരുന്നത് കാരണം മഹാവികാസ് അഘാഡി നേതാക്കൾ വിഷയം രാഷ്ട്രീയവത്കരിക്കുകയാണ്". ഫഡ്‌നാവിസ് പറഞ്ഞു.
മഹാരാഷ്ട്ര സിന്ധുദുർഗിലെ 35 അടി ഉയരമുള്ള ഛത്രപതി ശിവജിയുടെ പ്രതിമ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് എട്ട് മാസം തികയും മുന്‍പാണ് തകർന്നത്. സംഭവത്തിൽ പ്രതിമയുടെ സ്ട്രക്ചറൽ കൺസൽട്ടൻ്റ് ചേതൻ പാട്ടീലിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർച്ചയായ മഴയും കാറ്റുമാണ് പ്രതിമയുടെ തകർച്ചയ്ക്ക് കാരണമെന്നാണ് ഉദ്യോഗസ്ഥ പക്ഷം. എന്നാല്‍ നിർമാണത്തിലെ പിഴവും അഴിമതിയുമാണ് കാരണമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. നാവികസേനാ ദിനത്തിൻ്റെ ഭാഗമായി കഴിഞ്ഞ വർഷം ഡിസംബർ നാലിനാണ് മാൽവാനിലെ രാജ്‌കോട്ട് ഫോർട്ടിൽ പ്രതിമ സ്ഥാപിച്ചത്.