NEWSROOM

ആരോഗ്യ കേന്ദ്രങ്ങളിലെ ഫോട്ടോഗ്രാഫിയ്ക്കും വീഡിയോ റെക്കോർഡിംഗിനും നിയന്ത്രണവുമായി കുവൈത്ത് മന്ത്രാലയം

രോഗികളുടെ അവകാശങ്ങളെ മാനിച്ച് മികച്ച ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

ആരോഗ്യ കേന്ദ്രങ്ങളിൽ വ്യക്തികളുടെ സ്വകാര്യത ലംഘിക്കരുതെന്ന മുന്നറിയിപ്പുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം. രോഗികളുടെ സ്വകാര്യത ലംഘിക്കുന്ന തരത്തിലുള്ള ഫോട്ടോഗ്രാഫിയും, വീഡിയോ റെക്കോർഡിംഗും നിയമലംഘനമാണെന്നും മെഡിക്കൽ ഡാറ്റ സംരക്ഷണത്തിനാണ് മുൻഗണനയെന്നും മന്ത്രാലയം ചൂണ്ടികാട്ടി. തിങ്കളാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് ആരോഗ്യമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

70/2020 നിയമത്തിലെ 21ാം വകുപ്പ് പരാമർശിച്ചുകൊണ്ടാണ് ആരോഗ്യമന്ത്രാലയം നിർദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. രോഗിയുമായി ബന്ധപ്പെട്ട കക്ഷികളിൽ നിന്നോ ഫെസിലിറ്റി മാനേജ്മെൻ്റിൽ നിന്നോ മുൻകൂർ അനുമതി നേടാതെ മൂന്നാം കക്ഷികൾ രോഗികളുടെയോ ഡോക്ടർമാരുടെയോ ഫോട്ടോയോ വീഡിയോയോ പകർത്തുന്നത് നിരോധിച്ചിട്ടുണ്ടെന്ന് മന്ത്രാലയം സൂചിപ്പിച്ചു.

എന്നാൽ ഇതേ നിയമത്തിലെ തന്നെ പ്രൊഫഷണൽ പ്രാക്ടീസ് നിയമപ്രകാരം രോഗിയുടെ വ്യക്തിഗത വിവരങ്ങളും ഐഡിൻ്റിറ്റിയും വെളിപ്പെടുത്താതെ രോഗിയിൽ നിന്ന് രേഖാമൂലമുള്ള സമ്മതം വാങ്ങിയ ശേഷം വിദ്യാഭ്യാസം, ഡോക്യുമെൻ്റേഷൻ, ഗവേഷണം എന്നിവയ്ക്കായി ഫോട്ടോ അല്ലെങ്കിൽ വീഡിയോ പകർത്താൻ അനുവാദമുണ്ടെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

രോഗികളുടെ അവകാശങ്ങളെ മാനിച്ച് മികച്ച ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. കുവൈത്ത് പൗരൻമാരും താമസക്കാരും മാധ്യമപ്രവർത്തകരും ഈ നിയമങ്ങളുമായി സഹകരിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

SCROLL FOR NEXT