ആടുജീവിതം എന്ന സിനിമ കടന്നുപോയ സാഹചര്യം എല്ലാവർക്കും അറിയാമെന്ന് പൃഥ്വിരാജ്. ആ സിനിമയോട് അത്രയും സ്നേഹത്തോടെ, എത്രയോ വർഷം ഒരുമിച്ച് പ്രവർത്തിച്ച ഒരു കൂട്ടായ്മയുടെ ഫലമാണ് ഈ ചിത്രം. പ്രേക്ഷകർ സിനിമയ്ക്ക് നൽകിയ സ്നേഹമാണ് ഏറ്റവും വലിയ അംഗീകാരമെന്ന് ആടുജീവിതത്തിന് ലഭിച്ച പുരസ്കാരങ്ങളിൽ പ്രതികരിച്ച് പൃഥ്വിരാജ് പറഞ്ഞു.
പൃഥ്വിരാജ് കഥാപാത്രം ആകാൻ വേണ്ടി സഹിച്ച ക്ലേശം കാണാതെ ഇരിക്കാൻ ആകില്ലെന്നും നജീബ് ആയി പൃഥ്വിരാജ് സമ്പൂര്‍ണ്ണ പകര്‍ന്നാട്ടം നടത്തിയെന്നും സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി പറഞ്ഞിരുന്നു.
2006-ല്‍ മികച്ച നടനുള്ള ആദ്യ സംസ്ഥാന പുരസ്കാരം പൃഥ്വിരാജ് വാസ്തവത്തിലൂടെ ഏറ്റുവാങ്ങുമ്പോള്‍ പഴങ്കഥയായത് ഏറ്റവും ചെറിയ പ്രായത്തില്‍ ഈ നേട്ടം സ്വന്തമാക്കിയ മോഹന്‍ലാലിന്‍റെ റെക്കോര്‍ഡാണ്. കഥാപാത്രങ്ങളുടെ വേഷപ്പകര്‍ച്ചയില്‍ പുതിയ മാനങ്ങള്‍ തേടിപ്പോയ പൃഥ്വിക്ക് മുന്നില്‍ ദേശവും ഭാഷയും വഴിമാറി. മലയാളവും തമിഴും ഹിന്ദിയുമൊക്കെയായി ആ അഭിനയജീവിതം പടര്‍ന്നു പന്തലിച്ചു. മലയാള സിനിമയുടെ പിതാവ് ജെ.സി ഡാനിയേലിന്‍റെ ജീവിതം കമല്‍ സിനിമയാക്കിയപ്പോള്‍ സെല്ലുലോയിഡിലൂടെ 2012ല്‍ രണ്ടാമത്തെ സംസ്ഥാന പുരസ്കാരം. നടന്‍ എന്ന നിലയില്‍ മാത്രം ഒതുങ്ങാതെ സിനിമയുടെ പുതിയ വഴികള്‍ പൃഥ്വിരാജ് തേടിപ്പോയി. സംവിധായകന്‍, നിര്‍മാതാവ്, വിതരണക്കാരന്‍, ഗായകന്‍ അങ്ങനെ തൊട്ടതെല്ലാം പൊന്നാക്കി.
സംസ്ഥാന ചലചിത്ര പുരസ്കാരങ്ങളിൽ മികച്ച നേട്ടം കൈവരിച്ചിരിക്കുകയാണ് ആടുജീവിതം. എട്ട് അവാർഡുകൾ നേടിയാണ് ചിത്രം സുവർണ നേട്ടം കൈവരിച്ചിരിക്കുന്നത്. മികച്ച ജനപ്രിയ സിനിമ. സംവിധായകൻ, നടൻ, തിരക്കഥ അവലംബം, ഛായാഗ്രഹണം, ശബ്ദമിശ്രണം, മേക്കപ്പ്, ജൂറി പരാമർശം എന്നീ അവാർഡുകളാണ് ആടുജീവിതത്തിന് ലഭിച്ചത്.