പ്രതീകാത്മക ചിത്രം 
NEWSROOM

ലക്ഷങ്ങൾ മുടക്കി അറ്റകുറ്റപണി ചെയ്ത റോഡ് ഒരാഴ്ചയ്ക്കകം കുളമായി; പ്രതിഷേധിച്ച് സ്വകാര്യ ബസ് ജീവനക്കാർ

തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയാണ് മഴയെ തുടർന്ന് വീണ്ടും പൊട്ടിപൊളിഞ്ഞത്

Author : ന്യൂസ് ഡെസ്ക്

29 ലക്ഷം രൂപ ചെലവിൽ ഒരാഴ്ച മുൻപ് അറ്റകുറ്റപ്പണി നടത്തിയ തൃശൂർ - കുറ്റിപ്പുറം റോഡ് വീണ്ടും പൊട്ടിപ്പൊളിഞ്ഞ് കുളമായി. സംസ്ഥാനപാതയിലെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കി. റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന പരാതികൾ  നിരന്തരം ഉയർന്നിട്ടും അധികൃതർ തുടരുന്ന അനാസ്ഥയിൽ പ്രതിഷേധിച്ചായിരുന്നു സമരം.

പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ മാസങ്ങളായി നടത്തുന്ന ദുരിത യാത്രയ്ക്ക് പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികൾ തെരുവിലിറങ്ങിയത്. കുന്നംകുളം - തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന 80ലധികം ബസുകളിലെ ജീവനക്കാർ സമരത്തിൽ പങ്കെടുത്തു. ചൂണ്ടൽ മുതൽ കൈപ്പറമ്പ് വരെ നടത്തിയ മാർച്ചിനിടെ റോഡിലെ കുഴികളിൽ വാഴവെച്ചും തൊഴിലാളികൾ പ്രതിഷേധിച്ചു. രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പിന്തുണയില്ലാതെയാണ് തങ്ങളുടെ സമരമെന്നും പ്രതിഷേധക്കാർ പറഞ്ഞു.

മഴക്കാലത്തിന് മുന്നോടിയായി നടക്കേണ്ടിയിരുന്ന അറ്റകുറ്റ പണികൾ നടക്കാഞ്ഞതോടെയാണ് തൃശൂർ - കുറ്റിപ്പുറം സംസ്ഥാന പാത തീർത്തും സഞ്ചാര യോഗ്യമല്ലാതായത്. പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞയാഴ്ച പൊതുമരാമത്ത് വകുപ്പ് 29 ലക്ഷം രൂപ ചെലവിൽ റോഡിലെ കുഴികൾ താത്കാലികമായി അടച്ചിരുന്നു. എന്നാൽ കനത്ത മഴയിൽ വീണ്ടും റോഡ് പഴയപടി ആയതോടെയാണ് വീണ്ടും പ്രതിഷേധങ്ങൾ ശക്തമാകുന്നത്.

SCROLL FOR NEXT