NEWSROOM

ഒന്നിച്ചു വന്നവർ രണ്ടായി; ദുരന്ത ഭൂമിയിൽ നിന്നും പ്രിയദർശിനി തനിച്ചു മടങ്ങി

മകളെ പരിചരിച്ച കേരളത്തിലെ ജനങ്ങളോടും ആശുപത്രിയോടും വലിയ കടപ്പാട് ഉണ്ടെന്ന് പ്രിയദർശിനിയെ കൊണ്ട് പോകാനെത്തിയ അച്ഛനും സഹോദരനും ന്യൂസ്‌ മലയാളത്തോട് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിൽ നിന്ന് പ്രിയദർശിനിക്ക് ഒറ്റയ്ക്ക് മടങ്ങേണ്ടി വന്നു. ഒഡിഷയിൽ നിന്നും മധുവിധുവിനായി ചൂരൽമലയിൽ എത്തിയ നാല് യുവദമ്പതികളിൽ പ്രിയദർശിനി മാത്രം അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് പ്രിയദർശിനി ഡിസ്ചാർജ് ആയി ബന്ധുക്കൾക്കൊപ്പം നാട്ടിലേക്കു മടങ്ങിയത്. ഭുവനേശ്വർ എയിംസിലെ ഡോക്ടർമാരായ ഡോ.ബിഷ്‌ണു പ്രസാദ് ചിന്നാര, ഭാര്യ ഭുവനേശ്വർ ഹൈടെക് ഹോസ്പിറ്റലിലെ നഴ്സ് പ്രിയദർശിനി പോൾ , ഡോ. സ്വാധീൻ പാണ്ടെ, ഭാര്യ ഡോ.സ്വീകൃതി മോഹാപത്ര എന്നിവരാണ് മധുവിധു ആഘോഷിക്കുന്നതിനായി ചൂരൽമലയിൽ എത്തിയത്. സഹപ്രവർത്തകരും സുഹൃത്തുക്കളുമായ ഇവർ നാലുപേരും ഉരുൾപൊട്ടലുണ്ടായതിൻ്റെ മൂന്ന് ദിവസം മുൻപാണ് ലിനോറ റിസോർട്ടിൽ എത്തിയത്.

ബെംഗളൂരുവിൽ നിന്നും ടാക്സി മാർഗമെത്തിയ ദമ്പതികൾ അന്നേ ദിവസം രാവിലെ കർണാടക വഴി തിരികെ മടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. പക്ഷേ ഒരു ദിവസം കൂടി നിന്നിട്ട് തിരികെ പോകാമെന്ന തീരുമാനത്തിൻ്റെ പുറത്ത് അവിടെ തന്നെ തങ്ങുകയായിരുന്നു. വൻശബ്ദം കേട്ടുണർന്നു നോക്കിയപ്പോൾ റിസോർട്ട് മണ്ണിനടിയിലായിരുന്നു. കഴുത്തറ്റം ഞെരിഞ്ഞമർന്ന മണ്ണിൽ നിന്നും സാരമായ പരിക്കുകളോടെയാണ് പ്രിയദർശനി ഉയർന്ന ഭാഗത്തെത്തിയതെന്ന് ഭാഷാസഹായിയായ സാനിയ പറയുന്നു.


മകളെ പരിചരിച്ച കേരളത്തിലെ ജനങ്ങളോടും ആശുപത്രിയോടും വലിയ കടപ്പാട് ഉണ്ടെന്ന് പ്രിയദർശിനിയെ കൊണ്ട് പോകാനെത്തിയ അച്ഛനും സഹോദരനും ന്യൂസ്‌ മലയാളത്തോട് പറഞ്ഞു. ദുരന്തത്തിലകപ്പെട്ട കർണാടക സ്വദേശി മഞ്ജു എന്ന ഡ്രൈവറിൽ നിന്നാണ് നഹ്ല ഫൗണ്ടേഷൻ പ്രവർത്തകർക്ക് ഇവരെക്കുറിച്ചുള്ള ആദ്യവിവരം ലഭിച്ചതിന് പിന്നാലെയാണ് ഇവരെ രക്ഷപ്പെടുത്തിയത്. പ്രിയദർശിനിയുടെ ഭർത്താവ് ഡോ.ബിഷ്‌ണു പ്രസാദ് ചിന്നാരയുടെ മൃതദേഹം ചൂരൽ മലയിലെ മണ്ണിനടിയിൽ നിന്നാണ് കിട്ടിയത്. മൃതദേഹം നടപടികൾ പൂർത്തിയാക്കി ഇന്നലെ റോഡ് മാർഗം നാട്ടിലേക്കയച്ചു. ഡോ. സ്വാധീൻ പാണ്ടയെ ഇത് വരെ ലഭിച്ചിട്ടില്ല. ഭാര്യ ഡോ.സ്വീകൃതി മോഹാപത്രയാ വിംസ് മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

SCROLL FOR NEXT