കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലി ഉന്നതിയിൽ രാധയുടെ ബന്ധുക്കളെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് പ്രിയങ്ക ഗാന്ധി എംപി. രാധയുടെ ഭർത്താവ് അച്ചപ്പനോടും മകൻ അനിലിനോടുമാണ് പ്രിയങ്ക ഗാന്ധി ഫോണിൽ സംസാരിച്ചത്. സംഭവത്തിൽ ദുഃഖം അറിയിക്കുകയും കുടുംബത്തിനൊപ്പമുണ്ടാവുമെന്ന് പ്രിയങ്ക ഉറപ്പു നൽകുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലും പ്രിയങ്ക ഗാന്ധി കടുവ ആക്രമണത്തിൽ പരിക്കേറ്റ രാധയ്ക്ക് അനുശോചനം അറിയിച്ചിരുന്നു. പ്രശ്നം പരിഹരിക്കാൻ സുസ്ഥിരമായ പരിഹാരങ്ങൾ അടിയന്തിരമായി ആവശ്യമാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പ്രിയങ്ക ഗാന്ധി കുറിച്ചിരുന്നു.
അതേസമയം, പഞ്ചാരക്കൊല്ലിയിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുകയാണ്. കലക്ടറെത്തി ചർച്ച നടത്താത്തതിൽ പ്രതിഷേധിച്ചാണ് ബേസ് ക്യാംപിന് മുന്നിൽ സ്ത്രീകളടക്കം പ്രതിഷേധിച്ചത്. കലക്ടർ എത്തുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് നാട്ടുകാർ അറിയിച്ചിരിക്കുന്നത്. പൊലീസും നാട്ടുകാരുമായി ഉന്തും തള്ളുമുണ്ടായി.
ALSO READ:വയനാട്ടിലെ കടുവ ആക്രമണം; പ്രതിഷേധം ശക്തമാക്കി പഞ്ചാരക്കൊല്ലി നിവാസികൾ, പൊലീസും നാട്ടുകാരുമായി സംഘർഷം
നരഭോജി കടുവയെ പിടികൂടാനായി വനംവകുപ്പ് ചീഫ് വെറ്റിനറി ഡോക്ടർ അരുൺ സക്കറിയ പഞ്ചാരക്കൊല്ലിയിലെത്തിയിട്ടുണ്ട്. പ്രിയദർശിനി എസ്റ്റേറ്റിലും സമീപത്തുമായി വനംവകുപ്പ് കടുവയ്ക്കായി നടത്തുന്ന തെരച്ചിലിന് നേതൃത്വം നൽകാനാണ് അരുൺ സക്കറിയ എത്തിയത്.