NEWSROOM

"ഈ വിജയം നിങ്ങളുടേത്, വിശ്വാസത്തിനും സ്നേഹത്തിനും നന്ദി"; വയനാടിന് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

സമൂഹമാധ്യമമായ എക്സ് വഴിയായിരുന്നു പ്രിയങ്കയുടെ നന്ദിപ്രകടനം

Author : ന്യൂസ് ഡെസ്ക്


കോൺഗ്രസ് പ്രതീക്ഷകൾക്ക് സമാനമായി നാല് ലക്ഷം വോട്ടുകൾക്ക് വയനാട് പ്രിയങ്ക ഗാന്ധി വാദ്രയുടെ കൈ പിടിച്ചു. മുൻ എംപി രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തിലുമധികം നേടിയായിരുന്നു പ്രിയങ്കയുടെ വിജയം. വയനാട്ടിലെ മിന്നും വിജയത്തിൽ ജനങ്ങളോട് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. സമൂഹമാധ്യമമായ എക്സ് വഴിയായിരുന്നു പ്രിയങ്കയുടെ നന്ദിപ്രകടനം.

"വയനാട്ടിലെ സഹോദരീ സഹോരൻമാരെ, നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി പറയുന്നു. ഈ ജയം നിങ്ങളുടെ ജയമാക്കി തീർക്കുവാനാകും ഇനി എൻ്റെ പ്രവർത്തനം. നിങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും യാഥാർഥ്യമാക്കുവാൻ പരിശ്രമിക്കും," പ്രിയങ്ക എക്സിൽ കുറിച്ചു. തന്റെ വിജയത്തിനായി പ്രവർത്തിച്ച മുഴുവൻ യുഡിഎഫ് പ്രവർത്തകരോടും, കുടുംബത്തോടുമുള്ള നന്ദിയും പ്രിയങ്കയുടെ കുറിപ്പിലുണ്ടായിരുന്നു.


വയനാട്ടില്‍ ഒരു ഘട്ടത്തിൽ പോലും പ്രിയങ്ക ഗാന്ധിക്ക് വെല്ലുവിളി ഉയർത്താൻ മറ്റ് മുന്നണികള്‍ക്ക് കഴിഞ്ഞില്ലെന്ന് തന്നെ പറയാം. വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ അതിവേഗം ബഹുദൂരം എന്ന നിലയിലായിരുന്നു പ്രിയങ്ക. 6,10,944 വോട്ടുകളാണ് പ്രിയങ്ക വയനാട്ടിൽ നിന്നും കോൺഗ്രസ് പെട്ടിയിലാക്കിയത്. രണ്ടാമതെത്തിയ എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിക്ക് 2,06,978 വോട്ടുകളാണ് ലഭിച്ചത്. മൂന്നാമതെത്തിയ ബിജെപി സ്ഥാനാർഥിക്ക് 1,07,971 വോട്ടുകളാണ് ലഭിച്ചത്.

വോട്ടെണ്ണൽ ആരംഭിച്ച ഘട്ടം മുതൽ കൃത്യമായ വോട്ട് ലീഡോടു കൂടിയാണ് പ്രിയങ്ക മുന്നേറിയത്. അവസാന ഘട്ടം വരെയും ആ ലീഡ് തുടർന്നിരുന്നു. വോട്ടെണ്ണലിൻ്റെ ഒരു ഘട്ടത്തിൽ പോലും എതിർ സ്ഥാനാർഥികൾക്ക് മുഖം കൊടുക്കാതെയായിരുന്നു പ്രിയങ്കാ ഗാന്ധി വയനാട്ടിൽ തേരോട്ടം നടത്തിയത്. കന്നിയങ്കത്തിനായി പ്രിയങ്കയെ തെരഞ്ഞെടുപ്പ് കളത്തിലെത്തിച്ച കോൺഗ്രസിൻ്റെ കണക്കുക്കൂട്ടലുകൾ ലക്ഷ്യസ്ഥാനത്ത് തന്നെ എത്തി.

പ്രിയങ്കയുടെ കുറിപ്പിൻ്റെ പൂർണ രൂപം


വയനാട്ടിലെ എൻ്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, നിങ്ങൾ എന്നിൽ അർപ്പിക്കുന്ന വിശ്വാസത്തിന് ഒരായിരം നന്ദി. ഈ വിജയം നിങ്ങളോരോരുത്തരുടെയും വിജയമാണ്. ആ തോന്നൽ നിങ്ങളിലുണർത്തുന്ന രീതിയിലാകും എന്റെ പ്രവർത്തനമെന്ന് ഞാനുറപ്പുതരുന്നു. നിങ്ങളുടെ പ്രതീക്ഷകളും പ്രശ്നങ്ങളും ഉൾക്കൊള്ളുന്ന, നിങ്ങളിലൊരാളായിത്തന്നെ കൂടെയുണ്ടാകുന്ന ഒരു പ്രതിനിധിയെയാണ് തിരഞ്ഞെടുത്തതെന്ന് നിങ്ങൾക്കുറപ്പിക്കാം. പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാൻ ഞാൻ ഒരുങ്ങി കഴിഞ്ഞു. എനിക്ക് ഈ അവസരം സമ്മാനിച്ചതിന് ഒരായിരം നന്ദി. അതിലുമേറെ, നിങ്ങളെനിക്കു നൽകിയ സ്നേഹത്തിന് നന്ദി.

ഈ യാത്രയിലുടനീളം എന്നോടൊപ്പം ഭക്ഷണമോ വിശ്രമമോ പോലുമില്ലാതെ നിന്ന ഐക്യ ജനാധിപത്യ മുന്നണിയിലെ എന്റെ സഹപ്രവർത്തകരോടും നേതാക്കളോടും പ്രവർത്തകരോടും എന്റെ ഓഫീസിലെ സുഹൃത്തുക്കളോടും ഞാൻ നന്ദി പറയുന്നു. നമ്മുടെ വിശ്വാസങ്ങളും നിലപാടുകളും വിജയത്തിലെത്തിക്കുന്നതിനായി പോരാളികളെപ്പോലെ പടപൊരുതുകയായിരുന്നു നിങ്ങൾ.

എനിക്കു നൽകിയ ധൈര്യത്തിനും പിന്തുണയ്ക്കും എന്റെ അമ്മയോട്, റോബർട്ടിനോട്, എന്റെ രത്നങ്ങളായ മക്കൾ റൈഹാനോടും മിരായയോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എന്റെ പ്രിയ സഹോദരൻ രാഹുൽ, നിങ്ങളാണ് യഥാർത്ഥ ധൈര്യശാലി... നന്ദി, എല്ലായ്പോഴും എന്റെ വഴികാട്ടിയും ധൈര്യവും ആയി നിലകൊള്ളുന്നതിന്‌.



SCROLL FOR NEXT