ത്രിദിന സന്ദർശനത്തിനായി പ്രിയങ്ക ഗാന്ധി എംപി വയനാട്ടില്‍ എത്തി. യുഡിഎഫ് ബൂത്ത് തല നേതൃസംഗമങ്ങളിൽ പങ്കെടുക്കുന്ന പ്രിയങ്ക, കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സരോജിനിയുടെ വീട് സന്ദർശിക്കും. കാട്ടുപന്നി ആക്രമണത്തിൽ കൊല്ലപ്പെട്ട നൗഷാദലിയുടെ കുടുംബവുമായും കൂടിക്കാഴ്ച നടത്തും.
രാവിലെ 9.30ഓടെ കണ്ണൂർ വിമാനത്താവളത്തിയ എത്തിയ പ്രിയങ്ക, വയനാട്ടിലേക്ക് തിരിച്ചു. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപറ്റ നിയോജക മണ്ഡലങ്ങളിലെ യുഡിഎഫ് ബൂത്ത് തല നേതൃസംഗമങ്ങളിൽ പങ്കെടുക്കാനാണ് പ്രിയങ്ക എത്തുന്നത്.
വൈകീട്ടോടെ കണിയാംപറ്റ പള്ളിക്കുന്ന് ലൂർദ്ദ് മാതാ പള്ളിയും പ്രിയങ്ക സന്ദർശിക്കും. തിങ്കളാഴ്ചയും മണ്ഡലത്തിൽ തുടരുന്ന പ്രിയങ്ക, കാട്ടുപന്നി ആക്രമണത്തിൽ കൊല്ലപ്പെട്ട നൗഷാദലി, കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂത്തേടം സ്വദേശിനി സരോജിനി, കരുളായിയിലെ മണി എന്നിവരുടെ ബന്ധുക്കളെയും കാണും.
പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തെ സന്ദർശിക്കാനാണ് പ്രിയങ്ക ഗാന്ധി എംപി അവസാനമായി വയനാട്ടിലെത്തിയത്. കടുവാ അക്രമണത്തില്‍ ഒരു ജീവന്‍ നഷ്ടപ്പെട്ടിട്ടും മണ്ഡലത്തിലെത്താത്ത എംപിക്കെതിരെ പ്രതിഷേധങ്ങളുയരുന്നതിനിടെയായിരുന്നു പ്രിയങ്കയുടെ സന്ദർശനം.
പഞ്ചാരക്കൊല്ലിയിലെത്തിയ പ്രിയങ്ക, കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ ബന്ധുക്കളുമായി സംസാരിച്ചിരുന്നു. 25 മിനുട്ടോളം കൂടിക്കാഴ്ച്ച നീണ്ടു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പ്രിയങ്കയ്ക്ക് ഒപ്പമുണ്ടായിരുന്നു. ആവശ്യങ്ങള്‍ എംപിയെ അറിയിച്ചതായി രാധയുടെ ഭര്‍ത്താവ് അച്ചപ്പന്‍ പറഞ്ഞു. വീട് പണി പൂര്‍ത്തീകരിച്ച് നല്‍കുമെന്ന് ഉറപ്പ് നല്‍കിയെന്നും അച്ചപ്പന്‍ പറഞ്ഞു.