NEWSROOM

ഒന്നര മാസത്തിനിടെ അഞ്ച് ജീവന്‍ നഷ്ടമായെന്നത് വിശ്വസിക്കാനാകുന്നില്ല; വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും: പ്രിയങ്കാ ഗാന്ധിയുടെ ഉറപ്പ്

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എപ്പോഴാണ് വന്യമൃഗ വിഷയങ്ങള്‍ മുന്‍ഗണന പ്രശ്‌നമായി എടുക്കുകയെന്നും പ്രിയങ്ക ഗാന്ധി

Author : ന്യൂസ് ഡെസ്ക്

വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ കുടുബത്തെ സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി എംപി. വയനാട്ടിലെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നുവെന്നും, പദ്ധതികള്‍ നടപ്പാക്കാന്‍ കേരളവും കേന്ദ്രവും ഫണ്ടുകള്‍ അനുവദിക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ജനങ്ങളുടെ ആവശ്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും പ്രിയങ്ക ഗാന്ധി ഉറപ്പു നല്‍കി.
പ്രിയങ്ക പ്രതികരിച്ചു. ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ വീട്ടിലും പ്രിയങ്ക ഗാന്ധി സന്ദര്‍ശനം നടത്തി.


മനുഷ്യന്റെ ജീവന്‍ സംരക്ഷിക്കുക എന്നുള്ളത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അവരുടെ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ട്. ഒന്നര മാസത്തിനിടയില്‍ അഞ്ച് ജീവന്‍ എടുത്തു എന്നുള്ളത് വിശ്വസിക്കാന്‍ ആകുന്നില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എപ്പോഴാണ് വന്യമൃഗ വിഷയങ്ങള്‍ മുന്‍ഗണന പ്രശ്‌നമായി എടുക്കുകയെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.

കടുവാ അക്രമണത്തില്‍ ഒരു ജീവന്‍ നഷ്ടപ്പെട്ടിട്ടും മണ്ഡലത്തിലെത്താത്ത എംപിക്കെതിരെ പ്രതിഷേധങ്ങളുയരുന്നതിനിടെയാണ് പ്രിയങ്ക വയനാട്ടിലെത്തിയത്. പഞ്ചാരക്കൊല്ലിയിലെത്തിയ പ്രിയങ്ക, കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ ബന്ധുക്കളുമായി സംസാരിച്ചു. 25 മിനുട്ടോളം കൂടിക്കാഴ്ച്ച നീണ്ടു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പ്രിയങ്കയ്ക്ക് ഒപ്പമുണ്ടായിരുന്നു. ആവശ്യങ്ങള്‍ എംപിയെ അറിയിച്ചതായി രാധയുടെ ഭര്‍ത്താവ് അച്ചപ്പന്‍ പറഞ്ഞു. വീട് പണി പൂര്‍ത്തീകരിച്ച് നല്‍കുമെന്ന് ഉറപ്പ് നല്‍കിയെന്നും അച്ചപ്പന്‍ പറഞ്ഞു.

വന്യജീവി ആക്രമണം തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ കലക്ടറേറ്റില്‍ ഉന്നത തലയോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ഡിഎഫ്ഒമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. വയനാട്ടിലെ ആളുകളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നുവെന്നും, ജനങ്ങളുടെ ആവശ്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

പഞ്ചാരക്കൊല്ലിയില്‍ നിന്ന് മടങ്ങിയ പ്രിയങ്ക, ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെ കുടുംബത്തേയും സന്ദര്‍ശിച്ചു. എന്‍.എം വിജയന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് പ്രിയങ്ക ഗാന്ധി ഉറപ്പ് നല്‍കി. മാനന്തവാടി കണിയാരത്ത് വച്ച് പ്രിയങ്കയ്ക്കു നേരെ സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തി. സ്ഥലം എംപിയായ പ്രിയങ്കയെ വയനാട്ടില്‍ കാണുന്നില്ല എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പോലീസ് ഇടപെട്ട് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന മലയോര യാത്രയിലും പ്രിയങ്ക പങ്കെടുത്തു.

SCROLL FOR NEXT