NEWSROOM

കണക്ക് കൂട്ടലുകൾ അണുവിട തെറ്റിയില്ല; പ്രിയങ്കാ ഗാന്ധി വയനാടിന് പ്രിയങ്കരി തന്നെ

4,03,966 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വയനാട്ടിൽ നിന്നും ജയിച്ച് പ്രിയങ്ക പാർലമെൻ്റിലേക്ക് ടിക്കറ്റെടുത്തത്

Author : ന്യൂസ് ഡെസ്ക്

വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ പ്രതീക്ഷിച്ചതിൽ നിന്നും അണുവിട തെറ്റാതെ വയനാടൻ ജനത വീണ്ടും കോൺഗ്രസിൻ്റെ കൈപിടിച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധിക്ക് പകരക്കാരിയായി വന്ന് വയനാട്ടുകാരുടെ പ്രിയങ്കരിയായി പ്രിയങ്കാ ഗാന്ധി മാറി. രാഹുൽ ഗാന്ധിക്ക് നൽകിയ സ്നേഹത്തിൻ്റെ ഇരട്ടി മധുരമാണ് വയനാടൻ ജനത പ്രിയങ്കാ ഗാന്ധിക്ക് നൽകിയത്. 4,03,966 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വയനാട്ടിൽ നിന്നും ജയിച്ച് പ്രിയങ്ക പാർലമെൻ്റിലേക്ക് ടിക്കറ്റെടുത്തത്.

രാഹുലിൻ്റെ ഭൂരിപക്ഷം മറികടന്നാണ് കോൺഗ്രസ് പ്രിയങ്കയിലൂടെ വൻ വിജയം കരസ്ഥമാക്കിയത്. 6,10,944 വോട്ടുകളാണ് പ്രിയങ്ക വയനാട്ടിൽ നിന്നും കോൺഗ്രസ്  പെട്ടിയിലാക്കിയത്. രണ്ടാമതെത്തിയ എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിക്ക് 2,06,978 വോട്ടുകളാണ് ലഭിച്ചത്. മൂന്നാമതെത്തിയ ബിജെപി സ്ഥാനാർഥിക്ക് 1,07,971 വോട്ടുകളാണ് ലഭിച്ചത്.

വോട്ടെണ്ണൽ ആരംഭിച്ച ഘട്ടം മുതൽ കൃത്യമായ വോട്ട് ലീഡോടു കൂടിയാണ് പ്രിയങ്ക മുന്നേറിയത്. അവസാന ഘട്ടം വരെയും തുടർന്നിരുന്നു. വോട്ടെണ്ണലിൻ്റെ ഒരു ഘട്ടത്തിൽ പോലും എതിർ സ്ഥാനാർഥികൾക്ക് മുഖം കൊടുക്കാതെയായിരുന്നു പ്രിയങ്കാ ഗാന്ധി വയനാട്ടിൽ തേരോട്ടം നടത്തിയത്.കന്നിയങ്കത്തിനായി പ്രിയങ്കയെ തെരഞ്ഞെടുപ്പ് കളത്തിലെത്തിച്ച കോൺഗ്രസിൻ്റെ കണക്കുക്കൂട്ടലുകൾ ലക്ഷ്യസ്ഥാനത്ത് തന്നെ എത്തിയിരിക്കുന്നു.

SCROLL FOR NEXT