മൈക്ക് ഹക്കബി 
NEWSROOM

തീവ്ര വലതുപക്ഷക്കാരനായ മൈക്ക് ഹക്കബി ഇസ്രയേലിലെ യുഎസ് അംബാസിഡർ; ഏഴ് പുതിയ നിയമനങ്ങള്‍ പ്രഖ്യാപിച്ച് ട്രംപ്

അർക്കൻസാസിലെ മുൻ ഗവർണറായ ഹക്കബി കടുത്ത ഇസ്രയേല്‍ പക്ഷവാദിയാണ്

Author : ന്യൂസ് ഡെസ്ക്

തീവ്ര ഇസ്രയേല്‍ പക്ഷക്കാരനായ മൈക്ക് ഹക്കബിയെ ഇസ്രയേലിലെ യുഎസ് അംബാസിഡറായി തെരഞ്ഞെടുത്ത് നിയുക്ത പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. സ്റ്റീവൻ വിറ്റ്‌കോഫിനെ മിഡിൽ ഈസ്റ്റ് അംബാസഡറാക്കിയതുള്‍പ്പെടെ ഏഴ് പുതിയ നിയമനങ്ങളാണ് ട്രംപ് പ്രഖ്യാപിച്ചത്.

"അദ്ദേഹം ഇസ്രയേലിനെയും ഇസ്രയേൽ ജനതയെയും സ്നേഹിക്കുന്നു, അതുപോലെ തന്നെ ഇസ്രയേൽ ജനതയും അദ്ദേഹത്തെ സ്നേഹിക്കുന്നു" , ട്രംപ് പ്രസ്താവനയിൽ പറഞ്ഞു.

അർക്കൻസാസിലെ മുൻ ഗവർണറായ മൈക്ക് ഹക്കബി കടുത്ത ഇസ്രയേല്‍ പക്ഷവാദിയാണ്. പലസ്തീന്‍-ഇസ്രയേല്‍ സംഘർഷങ്ങളില്‍ പലപ്പോഴും പ്രകോപനപരമായ പ്രസ്താവനകളും ഹക്കബി നടത്തിയിട്ടുണ്ട്. വെസ്റ്റ് ബാങ്കിൽ ഇസ്രയേലിന്‍റേതാണ് എന്ന സമീപനം വച്ചു പുലർത്തുന്ന വ്യക്തിയാണ് മൈക്ക് ഹക്കബി. 2018 ൽ, ഇസ്രയേൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ ഒരു "അവധിക്കാല ഭവനം" നിർമിക്കാൻ താൻ സ്വപ്നം കണ്ടതായി ഹക്കബി പറഞ്ഞിരുന്നു.

ട്രംപ് പശ്ചിമേഷ്യന്‍ അംബാസിഡറായി നിയമിച്ച സ്റ്റീവൻ വിറ്റ്‌ക്കോഫ് ന്യൂയോർക്ക് സിറ്റി ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് മുതലാളിയാണ്. ട്രംപിൻ്റെ ദീർഘകാല സുഹൃത്തും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സാമ്പത്തിക സഹായം നല്‍കിയിട്ടുമുള്ള ആളാണ് വിറ്റ്‌കോഫ്. ട്രംപ് കുടുംബത്തിനും അവരുടെ പേരിലുള്ള ബിസിനസിനുമെതിരായ ന്യൂയോർക്ക് അറ്റോർണി ജനറലിൻ്റെ കേസിലെ വിദഗ്ദ്ധ സാക്ഷിയായി ട്രംപിനു വേണ്ടി ഹാജരായ വ്യക്തിയുമാണ് പുതിയ മിഡില്‍ ഈസ്റ്റ് അംബാസിഡർ.


ട്രംപിൻ്റെ ആദ്യ ഭരണകൂടം പ്രത്യക്ഷമായി ഇസ്രയേൽ അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. യുഎസ് എംബസി ടെൽ അവീവിൽ നിന്ന് ജറുസലേമിലേക്ക് മാറ്റിയ ട്രംപിന്‍റെ നടപടി സമാധാന സാധ്യതകളെ തകർക്കുന്നതാണെന്ന് വിമർശനം ഉയർന്നിരുന്നു. രണ്ടാം തവണ അധികാരത്തിലേക്ക് വരുമ്പോഴും ഇസ്രയേല്‍ അനുകൂല നിലപാട് തുടരാനാണ് ട്രംപിന്‍റെ തീരുമാനം എന്നാണ് ഹക്കബിയെ അംബാസിഡറായി നിയമിക്കാനുള്ള തീരുമാനം ചൂണ്ടിക്കാണിക്കുന്നത്.

ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഇസ്രയേല്‍ സർക്കാരില്‍ നിന്നും വിജയാശംസകളുടെ പ്രവാഹമായിരുന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാർഥിയുടെ വിജയത്തെ ഇസ്രയേല്‍ ഭരണകൂടത്തിലെ വലതുപക്ഷ ചിന്താഗതിക്കാർ തുറന്ന ഹൃദയത്തോടെയാണ് വരവേറ്റത്. തെരഞ്ഞെടുപ്പ് ഫലം അന്തിമം ആകുന്നതിനു മുന്‍പ് തന്നെ തീവ്ര വലതുപക്ഷക്കാരനും ഇസ്രയേല്‍ ദേശീയ സുരക്ഷ മന്ത്രിയുമായ ഇറ്റമർ ബെന്‍ ഗ്വിർ ട്രംപിനു ആശംസകള്‍ നേർന്നു. ദേശീയ സുരക്ഷാ മന്ത്രിക്ക് പിന്നാലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഡൊണാള്‍ഡ് ട്രംപിനു അഭിനന്ദനം അറിയിച്ചു.'വൈറ്റ് ഹൗസിലേക്കുള്ള നിങ്ങളുടെ ചരിത്രപരമായ തിരിച്ചുവരവ് അമേരിക്കയ്ക്ക് ഒരു പുതിയ തുടക്കവും ഇസ്രയേലും അമേരിക്കയും തമ്മിലുള്ള മഹത്തായ സഖ്യത്തിന് ശക്തമായ പ്രതിബദ്ധതയും വാഗ്ദാനം ചെയ്യുന്നു. ഇതൊരു വലിയ വിജയമാണ്!,' നെതന്യാഹു എക്സില്‍ കുറിച്ചു. ട്രംപിനു ആശംസകള്‍ നേർന്ന ആദ്യ ലോക നേതാവ് കൂടിയായിരുന്നു നെതന്യാഹു.

SCROLL FOR NEXT