NEWSROOM

കേരളത്തിലെ ആദ്യ 70 എംഎം തീയേറ്റര്‍ ഇപ്പോള്‍ മാലിന്യക്കൂമ്പാരം; കോര്‍പ്പറേഷന്‍ അനാസ്ഥയ്‌ക്കെതിരെ സിയാദ് കോക്കര്‍

കോക്കേഴ്സ് ഗ്രൂപ്പ് നടത്തിയിരുന്ന ഫോർട്ട് കൊച്ചിയിലെ തീയേറ്റർ കൊച്ചി കോർപ്പറേഷൻ അടച്ചുപൂട്ടിയതോടെ നിരവധി ഉപകരണങ്ങൾ മോഷണം പോയിരുന്നു

Author : ന്യൂസ് ഡെസ്ക്

കേരളത്തിലെ ആദ്യ 70 എംഎം സിനിമ തിയേറ്റര്‍ നാശത്തിന്‍റെ വക്കില്‍. അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് മാലിന്യ നിക്ഷേപ കേന്ദ്രമായി തിയേറ്റര്‍ മാറിയിട്ടും നടപടി സ്വീകരിക്കാത്തതിനെതിരെ സമരത്തിനൊരുങ്ങുകയാണ് നിര്‍മാതാവ് സിയാദ് കോക്കര്‍. കോക്കേഴ്സ് ഗ്രൂപ്പ് നടത്തിയിരുന്ന ഫോർട്ട് കൊച്ചിയിലെ തീയേറ്റർ കൊച്ചി കോർപ്പറേഷൻ അടച്ചുപൂട്ടിയതോടെ നിരവധി ഉപകരണങ്ങൾ മോഷണം പോയിരുന്നു. മാലിന്യ നിക്ഷേപ കേന്ദ്രമായി തീയേറ്റർ മാറിയിട്ടും കോർപ്പറേഷൻ്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

പഴയകാല പ്രമുഖ നിർമാതാവ് ടി.കെ. പരീക്കുട്ടിയുടെ പേരിലാണ് കൊച്ചിക്കാര്‍ ഓര്‍ത്തിരുന്ന തീയേറ്റർ. സംസ്ഥാനത്ത് ആദ്യമായി BOT സംവിധാനത്തിൽ പ്രവർത്തിച്ചു തുടങ്ങിയ തീയേറ്റർ എന്നിങ്ങനെ നിരവധി വിശേഷണങ്ങളാണ് ഈ സിനിമശാലയ്ക്ക് ഉണ്ടായിരുന്നത്.

ALSO READ : നടന്‍ ബാല അറസ്റ്റില്‍; മുൻ ഭാര്യയുടെ പരാതിയിൽ

ഫോർട്ട് കൊച്ചി അമരാവതിയിലെ, നഗരസഭയുടെ ഭൂമി പാട്ടത്തിനെടുത്ത് 1958ലാണ് തീയേറ്റർ നിര്‍മിച്ചത്. 30 വർഷത്തേക്കാണ് ടി.​കെ.​പ​രീ​ക്കു​ട്ടി​ക്ക് 58 സെൻ്റ് സ്ഥലം ലീസിനു നൽകിയത്. അദ്ദേഹത്തിൻ്റെ മരണശേഷം കോക്കേഴ്സ് ഗ്രൂപ്പ് തീയേറ്റർ ഏറ്റെടുത്തു. പിന്നീട് 10 വർഷത്തേക്ക് കൂടി കാലാവധി നീട്ടിയെങ്കിലും അതിനുശേഷം നിയമപ്രശ്നമായി. ദീർഘകാലത്തെ നിയമ പോരാട്ടത്തിനൊടുവിൽ കോടതി വിധി വന്നെങ്കിലും, 2017 ഏപ്രിൽ 18ന് നഗരസഭ തീയേറ്ററിന് പൂട്ടിട്ടു.

തീയേറ്റർ അടച്ചുപൂട്ടിയതിന് പിന്നാലെ ഫർണീച്ചറും പ്രൊജക്റ്ററുമടക്കം മോഷണം പോയി. മികച്ച രീതിയിൽ നടത്താമായിരുന്നിട്ടും ആരും തിരിഞ്ഞുനോക്കാതെ വന്നതോടെ തീയേറ്റർ അനാഥമായി അവശേഷിക്കുകയാണ്. ഒരുകാലത്ത് നീണ്ട കരഘോഷങ്ങൾ നിറഞ്ഞ തീയേറ്റർ എന്നതിലുപരി ചരിത്രത്തിൻ്റെ ഒരു ഭാഗമെന്ന നിലയിൽ കൂടി കോക്കേഴ്സ് തീയേറ്റർ സംരക്ഷിക്കേണ്ടതുണ്ട്. രാഷ്ട്രീയ വടംവലിയുടെ ഭാഗമായി ഭൂമിയിലും കെട്ടിടത്തിലും യാതൊന്നും ചെയ്യാൻ അധികൃതരും തയ്യാറാവാത്തതാണ് സിയാദ് കോക്കറെയും സമരത്തിലേക്ക് എത്തിച്ചത്.

SCROLL FOR NEXT