AMMA മുൻ വൈസ് പ്രസിഡൻ്റ് ജയൻ ചേർത്തലയ്ക്ക് എതിരെ വക്കീൽ നോട്ടീസ് അയച്ച് നിർമാതാക്കളുടെ സംഘടന. വിവിധ ഷോകളിലൂടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് AMMA ഒരു കോടിയോളം രൂപ നല്‍കിയെന്ന പരാമർശത്തിലാണ് നോട്ടീസ്. നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ മാനനഷ്ടക്കേസ് നൽകുമെന്നും നിർമാതാക്കളുടെ സംഘടന വ്യക്തമാക്കി. ഫെബ്രുവരി 14ന് നടത്തിയ വാര്‍ത്ത സമ്മേളനത്തിലായിരുന്നു ജയൻ ചേർത്തലയുടെ പരാമർശം.
എന്നാൽ പണം നൽകിയെന്ന വാദത്തിലുറച്ചുനിൽക്കുകയാണ് ജയൻ ചേർത്തല. താൻ സത്യസന്ധമായ കാര്യങ്ങളാണ് പറഞ്ഞതെന്നായിരുന്നു ജയൻ ചേർത്തലയുടെ പ്രതികരണം. സംഘടനയുടെ കയ്യിൽ കൃത്യമായ തെളിവുകൾ ഉണ്ടെന്നും നടൻ വ്യക്തമാക്കി. AMMA സംഘടന വിഷയത്തിൽ ഇടപെടും. നിയമപരമായി മുന്നോട്ട് പോകും. AMMAയുടെ കയ്യിൽ കൃത്യമായ തെളിവുകൾ ഉണ്ടെന്നും വസ്തുതാവിരുദ്ധമായ പരാമർശങ്ങൾ ഉണ്ടായപ്പോൾ ആണ് താൻ പ്രതികരിച്ചതെന്നും ജയൻ ചേർത്തല പറഞ്ഞു.
കഴിഞ്ഞ ദിവസം നിര്‍മാതാക്കളുടെ സംഘടനയ്ക്കുള്ളില്‍ നടക്കുന്ന തര്‍ക്കത്തില്‍ നടന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഇടപെട്ടിരുന്നു. എന്നാല്‍ ജി. സുരേഷ് കുമാര്‍ അനുനയ നീക്കത്തോട് വഴങ്ങുന്നില്ല. തന്റെ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സുരേഷ് കുമാര്‍ പറയുന്നത്. താന്‍ പറഞ്ഞത് സംഘടനയ്ക്കുള്ളില്‍ കൂടിയാലോചിച്ച് എടുത്ത തീരുമാനമാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു. സംഘടനയ്ക്കുള്ളിലെ തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കല്‍ വൈകുമെന്നാണ് സൂചന.
അതേസമയം, തര്‍ക്ക പരിഹാരത്തിനായി കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഈ മാസം 24ന് കൊച്ചിയില്‍ സിനിമാ സംഘടനകളുടെ യോഗം ഫിലിം ചേംബര്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ഈ വിഷയത്തില്‍ സംസാരിക്കാനായി വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു.
താന്‍ സുരേഷ് കുമാറിനൊപ്പമാണെന്നും സിനിമ സമരം വന്നാല്‍ ആന്റണി പെരുമ്പാവൂര്‍ ഒപ്പമുണ്ടാകുമെന്നുമാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞത്. വാര്‍ത്താ സമ്മേളനത്തില്‍ സുരേഷ് കുമാര്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് വിവാദത്തിന് കാരണമായത്. ആന്റണി ചേട്ടന്‍ പോസ്റ്റിടാന്‍ കാരണം സുരേഷ് കുമാര്‍ എമ്പുരാന്റെ ബജറ്റിനെ കുറിച്ച് പറഞ്ഞതുകൊണ്ടാണെന്നും ലിസ്റ്റിന്‍ അഭിപ്രായപ്പെട്ടു.