NEWSROOM

സാന്ദ്രയെ പുറത്താക്കിയത് സംഘടനയുടെ നിയമങ്ങള്‍ക്കനുസരിച്ച്; കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കും: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

സംഘടനയുടെ നിയമങ്ങള്‍ക്ക് അനുസരിച്ചാണ് സാന്ദ്രയെ പുറത്താക്കിയതെന്നും ബി. രാകേഷ്

Author : ന്യൂസ് ഡെസ്ക്


നിര്‍മാതാവ് സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടി സ്റ്റേ ചെയ്ത കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ബി. രാകേഷ്. സംഘടനയുടെ നിയമങ്ങള്‍ക്ക് അനുസരിച്ചാണ് സാന്ദ്രയെ പുറത്താക്കിയതെന്നും ഇത് കോടതിക്ക് ബോധ്യമാകാത്ത പക്ഷം ആയിരിക്കും വിലക്ക് സ്റ്റേ ചെയ്തതെന്നും ബി. രാകേഷ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

എറണാകുളം സബ് കോടതിയാണ് സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടി സ്റ്റേ ചെയ്തത്. സാന്ദ്ര തോമസ് നല്‍കിയ ഉപഹര്‍ജിയിലാണ് സബ് കോടതിയുടെ ഇടക്കാല ഉത്തരവ്. അന്തിമ ഉത്തരവ് വരുംവരെ സാന്ദ്ര തോമസിന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അംഗമായി തുടരാം.

നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരെ എസ്‌ഐടിക്ക് മുന്നില്‍ സാന്ദ്ര തോമസ് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അച്ചടക്ക നടപടി എന്ന പേരില്‍ സാന്ദ്രയെ നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് പുറത്താക്കിയത്. തന്നോട് ലൈംഗിക ചുവയോടെ സംസാരിച്ചു എന്ന പരാതിയിലാണ് സാന്ദ്ര തോമസ് എസ്‌ഐടിക്ക് മുന്നില്‍ പരാതി നല്‍കിയത്.

താന്‍ നല്‍കിയ പരാതിയില്‍ കൃത്യമായ തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും അത് എസ്‌ഐടിക്ക് കൈമാറിയിട്ടുണ്ടെന്നും സാന്ദ്ര തോമസ് ന്യൂസ് മലയാളത്തോട് നേരത്തെ പ്രതികരിച്ചിരുന്നു. നിര്‍മാതാവായ തനിക്ക് ഇതാണ് അവസ്ഥയെങ്കില്‍ അഭിനേതാക്കളും ടെക്‌നീഷ്യന്മാരുമായ സ്ത്രീകള്‍ക്ക് വേണ്ടി മിണ്ടാന്‍ പോലും പറ്റില്ലെന്നും സാന്ദ്ര തോമസ് അന്ന് പറഞ്ഞിരുന്നു.

SCROLL FOR NEXT