നടിയെ അക്രമിച്ച കേസിൽ സാക്ഷി വിസ്താരം പൂർത്തിയാക്കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. കേസിലെ മുഴുവൻ സാക്ഷികളുടെയും വിസ്താരം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പൂർത്തിയാക്കിയിരുന്നു. കൂടുതല്‍ സാക്ഷികളുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ട്. അത്തരത്തില്‍ സാക്ഷികളുണ്ടെങ്കില്‍ അവരെയും വിസ്തരിക്കണമെന്നാണ് പ്രോസിക്യൂഷന്‍ ഹർജിയില്‍ ആവശ്യപ്പെടുന്നത്.
കേസിൽ തുടരന്വേഷണം നടത്തി തുടർ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ സാക്ഷികളെ ക്രോസ് വിസ്താരം നടത്തേണ്ടതുണ്ടോയെന്ന് പരിശോധിച്ചിട്ടില്ല. 207 സാക്ഷികളെ വിസ്തരിച്ചതിനുശേഷമാണ് ദിലീപിൻ്റെ സുഹൃത്ത് ശരത്തിനെ പ്രതിചേർത്തത്. അതിനാൽ സാക്ഷി വിസ്താരം പൂർത്തികരിച്ച ഉത്തരവ് പുനഃപരിശോധിക്കണം എന്നാണ് പ്രസിക്യൂഷൻ്റെ ആവശ്യം. ഈ ഹർജിയിൽ തീരുമാനമായ ശേഷമായിരിക്കും സാക്ഷികൾ നൽകിയ മൊഴികളിൽ പ്രതിഭാഗം കേൾക്കൽ നടപടി ആരംഭിക്കുക.
കേസില്‍ സാക്ഷി വിസ്താരം കഴിഞ്ഞ ആഴ്ചയാണ് പൂർത്തീകരിച്ചത്. 216 സാക്ഷികളായിരുന്നു കേസിലുണ്ടായിരുന്നത്. ഇവരുടെ സാക്ഷി വിസ്താരം കഴിഞ്ഞ ശേഷം ബാക്കി നടപടിക്രമങ്ങള്‍ക്കായി നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഹാജരായത്. ഒന്നാം പ്രതി പള്‍സര്‍ സുനിയും മാര്‍ട്ടിനുമടക്കം 13 പ്രതികളില്‍ 12 പേർ ഹാജരായെങ്കിലും ആറാം പ്രതി ഹാജരായിരുന്നില്ല.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ജാമ്യം ലഭിച്ചിരുന്നു. വിചാരണ നീണ്ടു പോകുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ ഏഴര വര്‍ഷത്തിന് ശേഷമാണ് സുനിക്ക് ജാമ്യം ലഭിക്കുന്നത്. 2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ട സംഭവം നടക്കുന്നത്. മലയാള സിനിമയിലെ ഒരു പ്രമുഖ നടി ക്രൂരമായി പീഡനത്തിന് ഇരയാവുകയായിരുന്നു. സിനിമാ ലൊക്കേഷനില്‍ നിന്നും മടങ്ങുകയായിരുന്ന നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു.