NEWSROOM

ജനങ്ങളുടെ യാത്രാ ക്ലേശം ഇരട്ടിയാക്കി റോഡ് പണി; തൃശൂർ-കൊടുങ്ങല്ലൂർ സംസ്ഥാന പാതയുടെ നിർമാണം ഇഴയുന്നതിനെതിരെ പ്രതിഷേധം

ലോകബാങ്ക് സഹായത്തോടെ 203 കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്

Author : ന്യൂസ് ഡെസ്ക്


തൃശൂർ-കൊടുങ്ങല്ലൂർ സംസ്ഥാന പാതയുടെ നിർമാണം ഇഴയുന്നതിനെതിരെ പ്രതിഷേധം ശക്തം. ലോകബാങ്ക് സഹായത്തോടെ 203 കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. കെ.എസ്.ടി.പിയുടെയും കരാർ കമ്പനിയുടെയും മാത്രം ഇഷ്ടത്തിന് നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ ജനങ്ങളുടെ യാത്രാ ക്ലേശവും ഇരട്ടിയാക്കുന്നതായാണ് പരാതി.

തൃശൂർ - ഇരിങ്ങാലക്കുട - കൊടുങ്ങല്ലൂർ നഗരങ്ങളെ ബന്ധിപ്പിക്കുന്ന സംസ്ഥാന പാതയുടെ നിർമ്മാണം ഇഴയുന്നതിനെതിരെ പ്രതിഷേധം ശക്തം. കെ.എസ്.ടി.പിയുടെയും കരാർ കമ്പനിയുടെയും മാത്രം ഇഷ്ടത്തിന് നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ ജനങ്ങളുടെ യാത്രാ ക്ലേശവും ഇരട്ടിയാക്കുന്നതായാണ് പരാതി.

ലോകബാങ്ക് സഹായത്തോടെ 203 കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. വൈറ്റ് ടോപ്പിംഗ് എന്ന സാങ്കേതി വിദ്യയിൽ 35 കിലോ മീറ്റർ ദൂരം നിർമ്മിക്കാനാണ് 203 കോടി രൂപ ചെലവിടുന്നത്. സുരക്ഷിതമായ ഗതാഗതം ഒരുക്കുക, പ്രളയത്തെ അതിജീവിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടായിരുന്നു പാതയുടെ നവീകരണം.

എന്നാൽ 2021 സെപ്റ്റംബറിൽ തുടങ്ങിയ റോഡ് പണി എത്രമാത്രം പൂർത്തീകരിച്ചുവെന്നതിന് കൃത്യമായ മറുപടിയില്ല. ഏഴര മീറ്റര്‍ വീതിയില്‍ 45 സെന്റിമീറ്റര്‍ കനത്തിലാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നത്. പക്ഷെ വലിയ ഗതാഗത തിരക്കുള്ള റോഡിൽ നിർമ്മാണം പുരോഗമിക്കുന്നതാകട്ടെ മന്ദ​ഗതിയിലും.

പ്രളയത്തെ തുടർന്നുള്ള വെള്ളക്കെട്ട് ഒഴിവാക്കാന്‍ 25 കേന്ദ്രങ്ങളില്‍ റോഡ് ഉയർത്തിപ്പണിയാനും കാനകളും പാലങ്ങളും പണിയാനും മുൻപ് തീരുമാനിച്ചിരുന്നു. എന്നാൽ ജനങ്ങളുടെ യാത്രാദുരിതം ഇരട്ടിയാക്കി മാറ്റിയ ഇത്തരം നിർമ്മാണങ്ങളും നിരവധി പ്രതിഷേധങ്ങൾക്ക് ഇടയാക്കി.

മൂന്ന് ഘട്ടമായി രണ്ട് വർഷം കൊണ്ട് റോഡ് നിർമ്മാണം പൂർത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ നിർമാണ ചുമതലയുള്ള കെഎസ്ടിപിയും ഡൽഹി ആസ്ഥാനമായുള്ള കമ്പനിയും ഇക്കാര്യം അറിഞ്ഞതായി പോലും ഭാവിക്കുന്നില്ല. പ്രവൃത്തികൾ വിലയിരുത്താൻ പൊതുമരാമത്ത് മന്ത്രിയും ജില്ലയിലെ മന്ത്രിമാരും അടിക്കടി അവലോകന യോഗങ്ങൾ ചേരുന്നുണ്ട്. എന്നാൽ തുടർ നടപടികളൊന്നും ഇല്ലെന്നാണ് ജനങ്ങളുടെ പരാതി.

SCROLL FOR NEXT