NEWSROOM

തട്ടിപ്പ് കേസില്‍ അറസ്റ്റിലായ തിരുവമ്പാടി ദേവസ്വം പ്രസിഡന്റിനെതിരെ പ്രതിഷേധം; ഭരണസമിതിയിൽ ഭിന്നത

ഹീവാന്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി ജയിലില്‍ പോയതോടെ സുന്ദര്‍ മേനോന്‍ സ്ഥാനത്ത് നിന്ന് താത്കാലികമായി മാറിയിരുന്നു.

Author : ന്യൂസ് ഡെസ്ക്


തൃശൂര്‍ ഹീവാന്‍സ് ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ടി.എ. സുന്ദര്‍ മേനോനെതിരെ ദേവസ്വം ഭരണസമിതിയില്‍ പ്രതിഷേധം. സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ ആള്‍ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് കാണിച്ച് ഭരണസമിതി അംഗങ്ങള്‍ കത്ത് നല്‍കി. പിന്നാലെ എതിര്‍പ്പുന്നയിച്ച ആറ് അംഗങ്ങളെ സുന്ദര്‍ മേനോന്‍ സസ്‌പെന്‍ഡ് ചെയ്തതോടെ ഭരണസമിതിക്കുള്ളില്‍ ഭിന്നത രൂക്ഷമായി.



തൃശൂര്‍ പൂരത്തിന്റെ പ്രധാന നടത്തിപ്പുകാരായ തിരുവമ്പാടി ദേവസ്വത്തിലാണ് പ്രസിഡന്റ് സുന്ദര്‍ മേനോനെതിരെ ആഭ്യന്തര കലാപം ശക്തമാക്കുന്നത്. ഹീവാന്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി ജയിലില്‍ പോയതോടെ സുന്ദര്‍ മേനോന്‍ സ്ഥാനത്ത് നിന്ന് താത്കാലികമായി മാറിയിരുന്നു. എന്നാല്‍ ജാമ്യം ലഭിച്ച് തിരികെ വന്നതിന് ശേഷം പ്രസിഡന്റ് സ്ഥാനത്തേക്ക് മടങ്ങിയെത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.

സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതി സ്ഥാനത്ത് ഉള്ളയാള്‍ ദേവസ്വം പ്രസിഡന്റായി തുടരുന്നത് ശരിയല്ലെന്നാണ് ഭരണസമിതി അംഗങ്ങളില്‍ ഒരു വിഭാഗത്തിന്റെ നിലപാട്. ഇക്കാര്യം ഉന്നയിച്ച് ഇവര്‍ ഫെബ്രുവരി 27ന് ദേവസ്വം സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെ കത്ത് നല്‍കിയ ആറ് പേരെ സുന്ദര്‍ മേനോന്‍ സസ്‌പെന്‍ഡ് ചെയ്തതാണ് ദേവസ്വം ഭരണസമിതിയിലെ ഭിന്നത രൂക്ഷമാക്കിയിരിക്കുന്നത്.



തൃശൂര്‍ പൂരത്തിന്റെ പ്രധാന ചുമതല വഹിക്കേണ്ടിയിരുന്ന ആളെയടക്കം സസ്‌പെന്‍ഡ് ചെയ്തതോടെ പൂരത്തിന്റെ സംഘാടനത്തെ ചൊല്ലിയും ദേവസ്വത്തില്‍ തര്‍ക്കങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ഭരണ സമിതിക്കുള്ളില്‍ പ്രശ്നങ്ങള്‍ രൂക്ഷമാണെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ക്ക് ദേവസ്വം ഭാരവാഹികള്‍ ഇതുവരെയും തയ്യാറായിട്ടില്ല.

SCROLL FOR NEXT