കാലാവധി അവസാനിക്കുന്നതിന് മുന്‍പ് പിഎസ്സി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുമ്പില്‍ ഏത്തമിട്ട് പ്രതിഷേധിക്കുന്നതിനിടെ വനിത സിപിഒ ഉദ്യോഗാർഥി കുഴഞ്ഞുവീണു. അനിശ്ചിതകാല നിരാഹാര സമരത്തിന്‍റെ ഭാഗമായിട്ടായിരുന്നു പ്രതിഷേധം. ആശുപത്രിയിൽ എത്തിക്കാൻ വാഹനം വൈകിയതോടുകൂടി സമരപ്പന്തലിലേക്ക് എത്തിയ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാഹനത്തിലാണ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഉദ്യോഗാർഥികളോട് മനുഷ്യത്വപരമായ സമീപനം വേണമെന്നും സംസ്ഥാനത്ത് നടക്കുന്നത് നിയമന നിരോധനമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ചുവന്ന തുണി കൊണ്ട് കണ്ണ് മൂടിക്കെട്ടി റാങ്ക് ലിസ്റ്റ് കയ്യിൽ പിടിച്ച് 108 തവണ ഏത്തമിട്ടായിരുന്നു വനിതാ സിപിഒ ഉദ്യോഗാർഥികളുടെ ഇന്നത്തെ പ്രതിഷേധം. ഇവിടേക്കാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തിയത്. മാധ്യമങ്ങളോട് പ്രതികരിച്ചതിന് പിന്നാലെ രമേശ് ചെന്നിത്തല മടങ്ങുന്നതിനിടയിലാണ് ഒരു ഉദ്യോഗാർഥിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പൊലീസ് വാഹനത്തിനായി ഏറെ സമയം കാത്തിരുന്നെങ്കിലും ലഭിക്കാതായതോടെ രമേശ് ചെന്നിത്തലയുടെ വാഹനത്തില്‍ ഉദ്യോഗാർഥിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഉദ്യോഗാർഥികളോട് അല്പം മനുഷ്യത്വപരമായി പെരുമാറണമെന്നും സിപിഒ ഉദ്യോഗാർഥികളുടെ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുന്നതിനായി കത്തുനൽകും എന്നും ചെന്നിത്തല പറഞ്ഞു.
ഈ മാസം 19നാണ് വനിതാ സിപിഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത്. 967 പേർ ഉൾപ്പെടുന്ന വനിതാ സിപിഒ റാങ്ക് ലിസ്റ്റിൽ 259 പേർക്കാണ് നിയമന ശുപാർശ ലഭിച്ചത്. ഇതില്‍ 60ഉും എന്‍ജെഡി (നോണ്‍ ജോയിനിങ് ഡ്യൂട്ടി) ആണ്. മുന്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് 815 പേർക്കാണ് നിയമന ശുപാർശ ലഭിച്ചത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ലെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം.