NEWSROOM

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് 'നൈക്കീ ഷൂ' ഉണ്ടാക്കുന്ന ട്രംപും മസ്‌കും; എഐ മീമുകളുമായി പരിഹസിച്ച് ചൈന

ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര പ്രതിസന്ധി തുടരുന്നതിനിടെയാണ് മീമുകള്‍ പ്രചരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്


ട്രംപിന്റെ അധിക തീരുവ പ്രഖ്യാപനത്തിന് പിന്നാലെ, യുഎസിനെതിരെ പരിഹാസ രൂപേണയുള്ള എഐ മീമുകള്‍ സൃഷ്ടിച്ച് ചൈന. യുഎസിനെയും ട്രംപിന്റെ സാമ്പത്തിക നയങ്ങളെയും പരിഹസിക്കുന്ന മീമുകള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് തുടങ്ങിയവരെയും പരിഹസിച്ചുകൊണ്ടുള്ള മീമുകളും എക്‌സില്‍ പ്രചരിക്കുന്നുണ്ട്. ഇവ ചൈനീസ് അക്കൗണ്ടുകളില്‍ നിന്ന് ഷെയര്‍ ചെയ്യുന്നുമുണ്ട്.

ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര പ്രതിസന്ധി തുടരുന്നതിനിടെയാണ് മീമുകള്‍ പ്രചരിക്കുന്നത്. രാജ്യങ്ങള്‍ക്ക് മേല്‍ അമേരിക്ക ചുമത്തിയ അധിക ചുങ്കം 90 ദിവസത്തേക്ക് ട്രംപ് മരവിപ്പിച്ചിരുന്നു. എന്നാല്‍ ചൈനയൊഴികെയുള്ള രാജ്യങ്ങള്‍ക്കാണ് നികുതി നല്‍കുന്നത് മരവിപ്പിച്ചത്.

ജനുവരിയില്‍ യുഎസ് പ്രസിഡന്റായി അധികാരം ഏറ്റെടുത്തതിന് ശേഷം ഇതുവരെ ചൈനയ്ക്കെതിരെ അഞ്ചിരട്ടി തീരുവ വര്‍ധനയാണ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. പത്ത് ശതമാനം വീതമായിരുന്നു ആദ്യ രണ്ട് വര്‍ധനകള്‍. ഇതിനോട് അളന്നുമുറിച്ച സമീപനമാണ് ചൈന സ്വീകരിച്ചത്. പിന്നാലെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 34 ശതമാനം തീരുവ കൂടി ട്രംപ് പ്രഖ്യാപിച്ചു. ചൈന തിരിച്ച് യുഎസിനു മേല്‍ 34 ശതമാനം തീരുവയും ചുമത്തി. വിവിധ യുഎസ് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും നിര്‍ണായക ധാതു കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ചൈനീസ് വാണിജ്യമന്ത്രാലയം വ്യക്തമാക്കി. ചൈനയുടെ നടപടിക്ക് മറുപടിയായി യുഎസ് 50 ശതമാനം അധിക തീരുവ കൂടി ചുമത്തി. ഇതോടെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മുകളിലുള്ള നികുതി 104 ശതമാനമായി ഉയര്‍ന്നു.

യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 84 ശതമാനം മറുചുങ്കം ചുമത്തിയായിരുന്നു ചൈനയുടെ തിരിച്ചടി. ഇതോടെ ചൈനയ്ക്ക് മേലുള്ള താരിഫ് ട്രംപ് 125 ശതമാനമായി യുഎസ് ഉയര്‍ത്തി. ഉടന്‍ ഇത് പ്രബല്യത്തില്‍ വരുമെന്നും അറിയിച്ചു. എന്നാല്‍ ചൈനയ്ക്ക് മേലുള്ള താരിഫ് 145 ശതമാനമാണെന്നാണ് വൈറ്റ് ഹൗസില്‍ നിന്നും വരുന്ന വിവരം. ട്രംപിന്റെ 125 ശതമാനം താരിഫിന് പുറമേ ചൈനയ്ക്ക് മേല്‍ ചുമത്തിയ 20 ശതമാനം ഫെന്റനൈല്‍ അനുബന്ധ താരിഫും കൂടി കൂട്ടിയാണ് 145 ശതമാനം എന്ന് കണക്കാക്കിയിരിക്കുന്നത്. ചൈനയില്‍ നിന്നാണ് രാസലഹരി യുഎസിലേക്ക് എത്തുന്നതെന്നും ഇതിന് തടയിടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും കാട്ടിയാണ് ഈ 20 ശതമാനം താരിഫ് ചുമത്തിയിരുന്നത്.

SCROLL FOR NEXT