NEWSROOM

റവന്യു വകുപ്പ് സ്റ്റോപ്പ് മെമോ നൽകിയിട്ടും നിയമലംഘനം; വയനാട് അനധികൃത പന്തയ കുതിര പരിശീലന കേന്ദ്രം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രതിഷേധം

മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് കുതിര പരിശീലന കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തിയത്

Author : ന്യൂസ് ഡെസ്ക്


വയനാട് പുൽപ്പള്ളി ചേകാടിയിലെ അനധികൃത പന്തയ കുതിര പരിശീലന കേന്ദ്രം അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധ മാര്‍ച്ച്. മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് കുതിര പരിശീലന കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തിയത്.

ആറ് മാസങ്ങൾക്ക് മുൻപാണ് പ്രദേശത്തെ ആദിവാസി വിഭാഗങ്ങളെയടക്കം തെറ്റിദ്ധരിപ്പിച്ച് കുതിര ഫാമിൻ്റെ പ്രവർത്തനം തുടങ്ങിയത്. റവന്യൂ വകുപ്പ് സ്‌റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നിയമലംഘനം തുടർന്നു. ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഗ്രാമ പഞ്ചായത്തംഗം രാജു തോണിക്കടവ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.


പരമ്പരാഗതമായി നെല്‍കൃഷി ചെയ്തുവരുന്ന വയലുകളിൽ കുതിരാലയങ്ങള്‍ പണിത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നിര്‍മാണ പ്രവൃത്തികള്‍ നടത്തി. എന്നിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. പരിശീലന കേന്ദ്രത്തിന് മുന്നിലെത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് സമരത്തില്‍ പങ്കെടുത്തത്.

SCROLL FOR NEXT