NEWSROOM

മനുഷ്യാവകാശങ്ങൾ സംരക്ഷിക്കണം; 'അഫ്‌സ്പ'ക്കെതിരെ മണിപ്പൂരില്‍ പ്രതിഷേധ മാർച്ച്

നൂറുകണക്കിന് സ്ത്രീകളും കുട്ടികളും പങ്കെടുത്ത റാലി മണിപ്പൂരിലെ ഇംഫാലിലാണ് നടന്നത്

Author : ന്യൂസ് ഡെസ്ക്

പ്രത്യേക സൈനിക നിയമം (അഫ്‌സ്പ) നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മണിപ്പൂരില്‍ പ്രതിഷേധ മാർച്ച്. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കണമെന്നും അക്രമികൾക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഓൾ മണിപ്പൂർ യുണൈറ്റഡ് ക്ലബ്സ് ഓർഗനൈസേഷന്‍റെ നേതൃത്വത്തിലാണ് ഡിസംബർ 6, അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തോട് അനുബന്ധിച്ച് റാലി സംഘടിപ്പിച്ചത്.

നൂറുകണക്കിന് സ്ത്രീകളും കുട്ടികളും പങ്കെടുത്ത റാലി മണിപ്പൂരിലെ ഇംഫാലിലാണ് നടന്നത്. അസം അതിർത്തിയായ ഇംഫാൽ താഴ്‌വരയിലും ജിരിബാം മേഖലയിലും മൊബൈൽ-ഇൻ്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം സംസ്ഥാന സർക്കാർ നീക്കിയതിന് തൊട്ടുപിന്നാലെയാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്. സായുധരായ അക്രമികൾ തട്ടിക്കൊണ്ടുപോയതായി ആരോപിക്കപ്പെടുന്ന ആറ് സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹം കണ്ടെടുത്തതിനെത്തുടർന്ന് നവംബർ 16നാണ് ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചത്.

ഓൾ മണിപ്പൂർ യുണൈറ്റഡ് ക്ലബ്സ് ഓർഗനൈസേഷൻ, പൊയ്‌റി ലെയ്‌മറോൾ അപുൻബ മീരാ പൈബി, ഓൾ മണിപ്പൂർ വിമൻസ് വോളണ്ടറി അസോസിയേഷൻ, കമ്മറ്റി ഓൺ ഹ്യൂമൻ റൈറ്റ്‌സ്, മണിപ്പൂർ സ്റ്റുഡൻ്റ്‌സ് ഫെഡറേഷൻ എന്നിങ്ങനെ അഞ്ച് സംഘടനകൾ ചേർന്നാണ് റാലി സംഘടിപ്പിച്ചത്. റാലിക്കിടെ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശക്തമായ സുരക്ഷയൊരുക്കിയിരുന്നു. ദുരിതാശ്വാസ ക്യാംപുകളിലെ അന്തേവാസികളും റാലിയില്‍ പങ്കെടുത്തിരുന്നു.

നവംബറിലാണ് ഇംഫാൽ താഴ്‌വരയിലെ പ്രദേശങ്ങളിൽ വീണ്ടും അഫ്‌സ്പ ഏർപ്പെടുത്തിയത്. ഭരണകക്ഷിയായ ബിജെപിയുടെ എംഎൽഎമാരും എൻഡിഎയിലെ മറ്റ് പാർട്ടികളും അഫ്സ്പ പിൻവലിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടാനുള്ള തീരുമാനത്തിലാണ്.

SCROLL FOR NEXT