സ്വീഡിഷ് ആക്ടിവിസ്റ്റും, പരിസ്ഥിതി പ്രവർത്തകയുമായ ഗ്രെറ്റ തൻബെർഗിനെ ഡാനിഷ് പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. കോപ്പൻഹേഗനിൽ സംഘടിപ്പിച്ച ഗാസയിലെ യുദ്ധത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് അറസ്റ്റ് എന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം കോപ്പൻഹേഗൻ സർവകലാശാലയുടെ പ്രവേശന കവാടം തടയുകയും മൂന്ന് പേർ അകത്തേക്ക് പ്രവേശിക്കുകയും ചെയ്തതിനെ തുടർന്ന് ആറ് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് വക്താവ് അറിയിച്ചു. എന്നാൽ അറസ്റ്റിലായവരിൽ ആരുടെയും ഐഡൻ്റിറ്റി പരിശോധിക്കാൻ പൊലീസ് തയ്യാറായില്ലെന്നും, ആ ആറുപേരിൽ ഒരാളായിരുന്നു ഗ്രെറ്റ എന്നും സ്റ്റുഡൻ്റ്‌സ് എഗെയ്ൻസ്റ്റ് ദ ഒക്യുപ്പേഷന്റെ വക്താവ് പറഞ്ഞു.
ALSO READ: മൊസാദിൻ്റെ സാമ്പത്തിക ശൃംഖലയുടെ തലവൻ തുർക്കിയിൽ അറസ്റ്റിൽ
അറസ്റ്റിലായവരുടെ പേരുകൾ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും, എന്നാൽ പ്രതിഷേധവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നും കോപ്പൻഹേഗൻ പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിഷേധക്കാർ ബലമായി കെട്ടിടത്തിലേക്ക് കടക്കുകയും പ്രവേശന കവാടം തടയുകയും ചെയ്തതായും പൊലീസ് പറയുന്നു.
ഗാസയിലെ അധിനിവേശത്തിനെതിരെ വിദ്യാർഥികൾ പ്രതിഷേധം നടത്തുന്ന കെട്ടിടത്തിലേക്ക് പൊലീസ് പ്രവേശിക്കുന്നതിൻ്റെ ചിത്രങ്ങൾ ഗ്രെറ്റ തൻബെർഗ് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. പലസ്തീനിലെ സ്ഥിതി കൂടുതൽ വഷളാകുമ്പോഴും കോപ്പൻഹേഗൻ സർവകലാശാല ഇസ്രായേലിലെ അക്കാദമിക് സ്ഥാപനങ്ങളുമായി സഹകരണം തുടരുന്നതിനെതിരെയാണ് വിദ്യാർഥികൾ സമരം ചെയ്തത്.