NEWSROOM

പിഎസ്‌സി കോഴ വിവാദം: പ്രമോദ് കൂട്ടോളിയെ പുറത്താക്കി സിപിഎം

പ്രമോദ് പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതും, അച്ചടക്കത്തിന് നിരക്കാത്തതുമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

പിഎസ്‌സി കോഴ വിവാദത്തെ തുടർന്ന് കോഴിക്കോട് ടൌൺ ഏരിയ കമ്മിറ്റി അംഗമായ പ്രമോദ് കൂട്ടോളിയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി സിപിഎം. പ്രമോദ് പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതും, അച്ചടക്കത്തിന് നിരക്കാത്തതുമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ അറിയിച്ചു. മറ്റു പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിൻ്റെ തീരുമാന പ്രകാരമാണ് നടപടിയെന്നും പി. മോഹനൻ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

വിഷയത്തെക്കുറിച്ച് പ്രമോദ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും ജില്ലാ കമ്മിറ്റി അറിയിച്ചെന്നും റിപ്പോർട്ടുകളുണ്ട്. പ്രമോദ് കോട്ടൂളിക്കെതിരായ നടപടി വൈകിച്ചതിന് കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന കമ്മിറ്റി താക്കീത് നൽകി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.എ. മുഹമ്മദ് റിയാസ്, ടി.പി. രാമകൃഷ്ണൻ എന്നിവരാണ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുത്തത്. യോഗത്തിന് ശേഷം റിയാസ് മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.

പ്രമോദിന് പണം നല്‍കിയത് ഒരു വനിതാ ഹോമിയോ ഡോക്ടറാണെന്നും, ഇവര്‍ പിഎസ്‌സി പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു എന്നുമാണ് സിപിഎമ്മിൻ്റെ കണ്ടെത്തല്‍. പ്രമോദ് നേരിട്ടല്ല പണം കൈപ്പറ്റിയതെന്നും ജോലി തരപ്പെടുത്താന്‍ ശ്രമം നടത്തിയില്ലെന്നും പാർട്ടി കണ്ടെത്തി. പിഎസ്‌സി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടാനാണ് പ്രമോദ് ശ്രമിച്ചത്. പണം നല്‍കിയ ഹോമിയോ ഡോക്ടര്‍ പിഎസ്‌സി ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. ഉന്നത ഇടപെടലിലൂടെ ജോലി ഉറപ്പാക്കാമെന്ന് പ്രമോദ് വാക്കുനല്‍കി. ഡോക്ടറില്‍ നിന്നും പ്രമോദ് നേരിട്ടല്ല പണം കൈപറ്റിയത്.

പൊതുസുഹൃത്തായ ഇടനിലക്കാരന്‍ വഴിയാണ് ചെക്ക് വാങ്ങിയത്. 20 ലക്ഷം രൂപയുടെ ചെക്കാണ് വാങ്ങിയത്. ജോലി വാങ്ങി നല്‍കാന്‍ ശ്രമവും നടത്തിയില്ല. ജോലി ലഭിച്ചാല്‍ തൻ്റെ ശുപാര്‍ശ പ്രകാരമെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ഇയാളുടെ ശ്രമം. ഡോക്ടര്‍ക്ക് ഉയര്‍ന്ന റാങ്ക് ഉള്ളതിനാല്‍ മെറിറ്റില്‍ ജോലി ലഭിക്കുമെന്നായിരുന്നു പ്രമോദ് കരുതിയിരുന്നത്. എന്നാല്‍, നിയമനത്തിനിടയില്‍ ഒരു പട്ടികജാതി സംവരണം വന്നതിനാല്‍ നിയമനം ലഭിച്ചില്ലെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍.

SCROLL FOR NEXT