NEWSROOM

EXCLUSIVE | മാനദണ്ഡങ്ങൾ നോക്കുകുത്തികൾ; സൈക്കോ ട്രോപിക് മരുന്നുകളും വ്യാപകമായി വിൽപ്പനയ്ക്ക്

ഡോക്ടറുമാരുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽപ്പന നടത്തുന്ന വാർത്ത കഴിഞ്ഞ ദിവസം ന്യൂസ് മലയാളം പുറത്തു വിട്ടിരുന്നു

Author : ന്യൂസ് ഡെസ്ക്

ആന്റിബയോട്ടിക്കുകൾക്കൊപ്പം സൈക്കോ ട്രോപിക് മരുന്നുകളും യഥേഷ്ടം വിൽപ്പന നടത്തി എറണാകുളം ജില്ലയിലെ മെഡിക്കൽ ഷോപ്പുകൾ. മാനസിക വെല്ലുവിളി നേരിടുന്നവർ ഉപയോ​ഗിക്കുന്ന, മരുന്നുകളാണ് ഒരു മാനദണ്ഡവും പാലിക്കാതെ ഇത്തരത്തിൽ വിറ്റഴിക്കപ്പെടുന്നത്. ന്യൂസ് മലയാളമാണ് ഇത് സംബന്ധിച്ച് വാർത്ത പുറത്തുവിട്ടത്.

എറണാകുളം ന​ഗരത്തിലെ മെഡിക്കൽ ഷോപ്പുകൾ ഡോക്ടറുമാരുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽപ്പന നടത്തുന്ന വാർത്ത കഴിഞ്ഞ ദിവസം ന്യൂസ് മലയാളം പുറത്തു വിട്ടിരുന്നു. ആന്റിബയോട്ടിക്കുകൾ മാത്രമല്ല, ഷെഡ്യൂൾഡ് H1,H2 വിഭാ​ഗത്തിൽ ഉൾപ്പെടുന്ന സെെക്കോട്രോപിക് മരുന്നുകളടക്കം എറണാകുളത്തെ മെഡിക്കൽ ഷോപ്പുകൾ യഥേഷ്ടം വിൽക്കുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.


ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽപ്പന നടത്താൻ പാടില്ലാത്ത മരുന്നുകളാണിവ. കുറിപ്പടിയുണ്ടെങ്കിലും വിൽപ്പന നടത്തിയാൽ തന്നെ സെയിൽ ബില്ലിന്റെ കോപ്പി രണ്ട് വർഷത്തേക്ക് സൂക്ഷിക്കണം. ഇത്തരം മാനദണ്ഡങ്ങൾ നിലനിൽക്കുമ്പോഴും ജൻ ഔഷധി അടക്കമുള്ള മെഡിക്കൽ ഷോപ്പുകൾ അനധികൃത മരുന്നു വിൽപ്പന നടത്തുന്നത് വിഷയത്തെ കൂടുതൽ ​ഗുരുതരമാക്കുന്നു.

മാനസിക അനാരോഗ്യമുള്ളവർക്ക് ചികിത്സയുടെ ഭാഗമായി നൽകുന്ന മരുന്നുകളുടെ വിൽപ്പനയാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ മെട്രോ നഗരത്തിൽ വിറ്റഴിക്കപ്പെടുന്നത്. ആന്റിബയോട്ടിക്കുകളുടെ നിയമാനുസൃതമല്ലാത്ത വില്പന ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇടപെടാതിരിക്കുന്ന ആരോഗ്യവകുപ്പിന് സൈക്കോട്രോപിക് മരുന്നുകളുടെ അനധികൃത വിൽപ്പനയിലും നടപടിയുണ്ടാകില്ല. രാസലഹരിയായി പോലും ഉപയോഗിക്കാൻ കഴിയുന്ന മരുന്നുകളാണ് ഇത്തരത്തിൽ യഥേഷ്ടം വിറ്റഴിക്കപ്പെടുന്നത്.


ഓപ്പറേഷൻ അമൃത് മാത്രമല്ല ഡ്രഗ് കൺട്രോൾ വിഭാഗത്തിന്റെ മറ്റ് പരിശോധനകളും നിർജീവം എന്നാണ് അന്വേഷണത്തിൽ നിന്നും വ്യക്തമാവുന്നത്. ആരോഗ്യവകുപ്പിന്റെ ഈ നിഷ്ക്രിയത്വം ഭാവിയിൽ കേരളത്തിന്റെ ആരോഗ്യമേഖലയെ ദോഷകരമായി ബാധിക്കും. ഈ വിഷയത്തിൽ ആരോഗ്യവകുപ്പിൻ്റെ അടിയന്തര ഇടപെടൽ അനിവാര്യമാണ്.

SCROLL FOR NEXT