ജൂലൈ രണ്ടിന് നടന്ന ഹത്രസ് ദുരന്തത്തില്‍ സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തു. സുപ്രീം കോടതി അഭിഭാഷകനായ വിശാല്‍ തിവാരിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ദുരന്തവും അതിനിടയാക്കിയ അധികൃതരുടെ വീഴ്ചയും അന്വേഷിക്കാന്‍ ഒരു റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അഞ്ചംഗ വിദഗ്ധ കമ്മിറ്റി രൂപീകരിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
സംഭവത്തെപ്പറ്റി വിശദമായ സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ദുരന്തത്തിന് കാരണമായ വ്യക്തികള്‍, അധികാരികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ നിയമപരമായ നടപടികളെടുക്കാനും ഉത്തര്‍പ്രദേശ് സര്‍ക്കാറിനു കോടതി നിര്‍ദേശം നല്‍കണമെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ പറയുന്നുണ്ട്.
ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വലിയ ആള്‍ക്കൂട്ടമുണ്ടാകുന്ന ഒത്തുചേരലുകള്‍ക്ക് സംസ്ഥാന സര്‍ക്കാറുകള്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കണമെന്നാണ് വിശാല്‍ തിവാരിയുടെ ആഭ്യര്‍ഥന.
ഹത്രസ് കേസില്‍ പൊലീസിന്‍റെ എഫ്‌ഐആറില്‍ പറയുന്നതനുസരിച്ച്, 80,000ത്തോളം ആളുകള്‍ക്ക് ഒത്തുചേരാനുള്ള അനുമതിയാണ് സത്സംഗത്തിന്‍റെ സംഘാടകര്‍ തേടിയിരുന്നത്. എന്നാല്‍ നിയമങ്ങളെല്ലാം കാറ്റില്‍പറത്തി 2.5 ലക്ഷത്തിലധികം ആളുകള്‍ എത്തിച്ചേരുകയായിരുന്നു. സത്സംഗത്തിന് ശേഷം ആള്‍ദൈവം ഭോലെ ബാബ കാറില്‍ മടങ്ങുമ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുകയായിരുന്നു.