NEWSROOM

മണിപ്പൂരിലെ യഥാർഥ പോരാളികളായ പുക്രീല വനിതകളുടെ അറിയാക്കഥകൾ

ഒരു ഗ്രാമത്തിലെ മുഴുവൻ ഗോത്ര ജനതകളും ഉറ്റു നോക്കുന്ന, ഗ്രാമങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾക്ക് അവസാന വാക്ക് കല്പിക്കുന്ന, പുരുഷന്മാരോടൊപ്പം തന്നെ ഗോത്രജനതയ്ക്കു വേണ്ടി തീരുമാനങ്ങളും നിയമങ്ങളും എഴുതുന്ന ഉഖ്‌റുളിലെ ഈ ശക്തരായ പുക്രീല സ്ത്രീ സമൂഹം ആരാണ്?

Author : നന്ദന രാജ് സുഭഗന്‍

മണിപ്പൂർ വീണ്ടും സംഘർഷഭൂമിയായിരിക്കുന്നു. കുക്കി, മെയ്തെയ് വിഭാഗക്കാരുടെ രക്തച്ചൊരിച്ചിലിന് ഇപ്പോഴും അറുതി വന്നിട്ടില്ല. ഇങ്ങനെയുള്ളൊരു സംഘർഷാവസ്ഥയിലാണ് തങ്ഖുൽ നാഗ ഗോത്രത്തിലെ സമാധാനവാഹകരായ സ്ത്രീകൾ അഥവാ പുക്രീലകരുടെ അനിവാര്യതയെ കുറിച്ചുള്ള ചർച്ചകൾ മണിപ്പൂരിൽ നടക്കുന്നത്. കുക്കി-മെയ്തെയ് വർഗങ്ങൾ തമ്മിലുള്ള കലഹങ്ങൾക്കു അവസാനം കൊണ്ടുവന്ന് അവരുടെ ഇടയിൽ സമാധാനം പുനഃസ്ഥാപിക്കുവാൻ ഇനി തങ്ഖുൽ നാഗ ഗോത്രത്തിലെ സ്ത്രീകൾക്ക് മാത്രമേ സാധിക്കുള്ളുവെന്നു ഗോത്ര മൂപ്പൻമാർ കരുതുന്നു. ഒരു ഗ്രാമത്തിലെ മുഴുവൻ ഗോത്ര ജനതകളും ഉറ്റു നോക്കുന്ന, ഗ്രാമങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾക്ക് അവസാന വാക്ക് കല്പിക്കുന്ന, പുരുഷന്മാരോടൊപ്പം തന്നെ ഗോത്രജനതയ്ക്കു വേണ്ടി തീരുമാനങ്ങളും നിയമങ്ങളും എഴുതുന്ന ഉഖ്‌റുളിലെ ഈ ശക്തരായ പുക്രീല സ്ത്രീസമൂഹം ആരാണ്?


സമാധാനത്തിന്റെ സന്ദേശവാഹകരാവുന്ന പുക്രീല സ്ത്രീകൾ

മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ വടക്കുകിഴക്കും സോംദാലിൽ നിന്നും ഏകദേശം 25 കിലോമീറ്റർ മാറി തെക്കുകിഴക്കുമായി ഇന്ത്യയിലും മ്യാൻമാറിലും വ്യാപിച്ചു കിടക്കുന്ന പ്രദേശമാണ് ഉഖ്‌റുൾ. ഇത് തങ്ഖുൽ നാഗ ഗോത്രങ്ങളുടെ വാസസ്ഥലമാണ്. ഒരു കാലത്തു ക്രൂരവും അക്രമ സ്വഭാവമുള്ളവരായാണ് ഇവരെ വിശേഷിപ്പിച്ചിരുന്നത്. മനുഷ്യരുടെ ശിരസ്സ് ഛേദിക്കുന്നതു ഇക്കൂട്ടരുടെ വിനോദം മാത്രമായിരുന്നില്ല, വിശ്വാസത്തിന്റെയും ആചാര അനുഷ്ഠാനങ്ങളുടെയും കൂടി ഭാഗമായിരുന്നു. ഇത്തരത്തിലുള്ള പ്രാകൃത സ്വഭാവം ഇവരുടെ ഇടയിൽ പണ്ട് നിലനിന്നിരുന്നുവെങ്കിലും ഗോത്രത്തിലെ സ്ത്രീകൾക്ക് 'പുക്രീല' എന്ന പേര് നൽകികൊണ്ട് അവർക്കു അർഹിച്ച സ്ഥാനവും ആദരവും നൽകി പോന്നിരുന്നു. വർഷങ്ങൾക്ക് ശേഷവും ഇവർക്ക് നൽകുന്ന ബഹുമാനത്തിനു കുറവ് വന്നിട്ടില്ല.

പുക്രീല എന്ന വാക്കിന് പല അർഥങ്ങളുണ്ട്. പച്ചകുത്തിയ സ്ത്രീ എന്ന് അർഥം വരുന്ന 'PHA KHARALA ' എന്ന പദപ്രേയോഗത്തിൽ നിന്നുമാണ് പുക്രീല എന്ന വാക്ക് വന്നത് എന്ന് പറയപ്പെടുന്നു. തങ്ഖുൽ ഭാഷയിൽ 'സമാധാനം സ്ഥാപിക്കുന്നവൾ' എന്ന അർത്ഥവും പുക്രീല എന്ന പദത്തിനുണ്ട്. തങ്ഖുൽ നാഗ ഗോത്രത്തിൽ നിന്നും മറ്റൊരു ഗ്രാമത്തിലേക്ക് വിവാഹം കഴിച്ചുകൊടുക്കുന്ന സ്ത്രീകളെ പുക്രീല എന്ന് വിശേഷിപ്പിക്കാറുണ്ട്. അങ്ങനെ അവൾ തന്റെയും ഭർത്താവിന്റെയും ഗ്രാമങ്ങളുടെ പ്രതിനിധിയായി മാറുന്നു. രണ്ടു ഗോത്രങ്ങളെ ബന്ധിപ്പിക്കുന്ന ചരടാണ്‌ പുക്രീല സ്ത്രീകൾ.

പുരുഷ കേന്ദ്രീകൃതമായ ഒരു സമൂഹമാണ് തങ്ഖുൽ നാഗ ഗോത്രത്തിൽ നിലനിൽക്കുന്നതെങ്കിലും സ്ത്രീകൾക്ക് സാമൂഹ്യമര്യാദകൾക്കു അനുസരിച്ചു ഉയർന്ന സ്ഥാനം കൊടുക്കുന്നുണ്ട്. ഗോത്രങ്ങളോ ഗ്രാമങ്ങളോ തമ്മിലുള്ള സംഘർഷം രൂക്ഷമാവുമ്പോൾ കൈയിൽ Y ആകൃതിയിലുള്ള ഒരു വടിയുമേന്തി പുക്രീല വനിത സംഘർഷഭൂമിയിൽ വന്നുകൊണ്ടു യുദ്ധം നിറുത്തുവാൻ ആഹ്വാനം ചെയ്യും . ഇത് പുക്രീല വനിതയുടെ ശാസനയായി കരുതികൊണ്ടു ഇരു കൂട്ടരും യുദ്ധം അവസാനിപ്പിക്കേണ്ടതാണ്. തുടർന്ന് ഇരു ചേരിയിലുള്ളവരും പുക്രീല സ്ത്രീയുടെ ഉപസ്ഥിതിയിൽ ഒരു സന്ധിയിൽ എത്തിച്ചേരും. ഇവിടെ ഒരു മധ്യസ്ഥന്റെ വേഷമാണ് പുക്രീല സ്ത്രീക്കുള്ളത്. ഇവർ നിക്ഷ്പക്ഷമായും ആത്മാർത്ഥതയോടും കൂടിയായിരിക്കണം തീരുമാനങ്ങൾ എടുക്കേണ്ടത്. എന്നാൽ മധ്യസ്ഥന്റെ വേഷം ചെയ്തുതീർക്കുക എന്നത് അത്ര എളുപ്പമല്ല. ഒരായുധമോ സന്നാഹങ്ങളോ ഇല്ലാതെയാണ് പുക്രീല സ്ത്രീകൾ സംഘർഷ സ്ഥലത്തു വരുന്നത്. ഇത് കൊണ്ട് തന്നെ ഇരു വിഭാഗങ്ങളിലെ കൂട്ടരും അവളെ ഭീഷണിപെടുത്തുവാൻ സാധ്യതയുണ്ട്. എന്നാൽ പുക്രീല സ്ത്രീകളെ അപമാനിക്കുവാൻ ശ്രമിക്കുന്നതോ അപായപ്പെടുത്തുവാൻ നോക്കുന്നതോ ഗോത്രജനതയുടെ നിയമാവലിക്കു എതിരാണ്, അങ്ങനെ ചെയ്യുന്ന വ്യക്തിക്ക് ശിക്ഷയും ലഭിക്കും. കൂടാതെ അവൾ നിർമിച്ച നിയമങ്ങൾക്കു അനുസൃതമല്ലാതെ പ്രവർത്തിക്കുന്നതും ശിക്ഷാർഹമാണ്.

പുക്രീല- മണിപ്പൂരിലെ ശക്തമാർന്ന സ്ത്രീശബ്‍ദം


1974 -ൽ അരങ്ങേറിയ ഒരു ക്രൂര സംഭവത്തോട് കൂടിയാണ് പുക്രീല സ്ത്രീകൾ സംഘടിത പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചത്. ഉഖ്‌റുളിന്റെ കുമ്പ്രം ഗ്രാമത്തിൽ 19 വയസുള്ള റോസ് നിംഗ്‌ഷെൻ എന്ന പെൺകുട്ടിയെ അതിർത്തിയിലെ സുരക്ഷാ ഉദ്യോഗസ്ഥൻ ബലാത്സംഗം ചെയ്തതിനെ തുടർന്നു ആത്മഹത്യ ചെയ്തിരുന്നു. ഇത് ഉഖ്‌റുളിൽ വ്യാപകമായ പ്രതിഷേധങ്ങൾക്കു വഴിയൊരുക്കി. ഇതിനെതിരെ ശബ്‍ദം ഉയർത്തുവാനായി പുക്രീ സ്ത്രീകൾ തങ്ഖുൽ ഷാനാവോ ലോങ്ങ് (ടിഎസ്എൽ) എന്ന സംഘടന രൂപികരിച്ചു. ഇന്ന് തങ്ഖുൽ ഷാനാവോ ലോങ്ങ് തങ്ഖുൽ നാഗ ഗോത്ര ജനതയുടെ അവകാശങ്ങൾക്കായി പോരാടുന്നവരാണ്.

നവംബർ എട്ടിന് നാഷനൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡിൻ്റെ അല്ലെങ്കിൽ NSCN (IM) ൻ്റെ ഇസാക്-മുയിവ വിഭാഗം സായുധ ചെറുത്തുനിൽപ്പിലേക്ക് മടങ്ങുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. സമ്മർദ്ദത്തിലേക്കു വഴുതി വീണ നാഗ ഗോത്രത്തിലെ പുക്രീല സ്ത്രീകൾ നവംബർ 15 നു തങ്ഖുൽ ഷാനാവോ ലോങ്ങിൻ്റെ (ടിഎസ്എൽ) സുവർണ ജൂബിലിയോടനുബന്ധിച്ചു 'SAVE THE PEACE ' റാലി സംഘടിപ്പിക്കുകയായിരുന്നു. മ്യാന്മാറിൽ നിന്നുമുള്ള നാഗ നേതാക്കളും റാലിയിൽ പങ്കെടുത്തിരുന്നു. നാഗ ജനതയുടെ ആവശ്യങ്ങൾ പലതാണ് . നാഗ പ്രദേശങ്ങളിൽ സായുധ സേനയ്ക്ക് നൽകുന്ന പ്രത്യേക അധികാര പദവി അഥവാ AFSPA [ARMED FORCES SPECIAL POWERS ACT ] കേന്ദ്രം റദ്ദാക്കുക, കേന്ദ്രവും നാഗാജനതയും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കുക,ഇന്ത്യ-മ്യാൻമാർ അതിർത്തി തർക്കം ഒത്തുതീർപ്പാക്കുക എന്നിവ ഇതിൽപ്പെടുന്നു.

ഈ ആവശ്യങ്ങളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് ഇന്ത്യ- മ്യാൻമാർ അതിർത്തി വേലികെട്ടുന്നതിനെ സംബന്ധിച്ചാണ് . നാഗ ജനതയുടെ 60 % ഇന്ത്യയിലും ബാക്കി 40 % മ്യാൻമാറിലുമായാണ് വ്യാപിച്ചുകിടക്കുന്നത്. എന്തിനാണ് തങ്ങളുടെ സഹോദരങ്ങളുമായുള്ള ബന്ധം ഒരു വേലികെട്ടു കൊണ്ട് കേന്ദ്ര സർക്കാർ പിരിക്കുന്നത് എന്നാണ് ദി ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ നാഗ വനിത യൂണിയന്റെ പ്രസിഡന്റായ പ്രിസില്ല തിയുമൈ ചോദിക്കുന്നത്. മ്യാൻമറിലെ നാഗ ജനതയെ സംബന്ധിച്ചിടത്തോളം ആശുപത്രി സൗകര്യങ്ങൾ വേഗത്തിലും ചെലവുകുറഞ്ഞും ലഭിക്കുന്നത് ഇംഫാലിലോ ഉഖ്‌റുലിലോ നിന്നുമാണ്. അതിനാൽ ഇന്ത്യ-മ്യാന്മാർ അതിർത്തി വേലിക്കൊണ്ടു വേർതിരിക്കുന്നത് മ്യാൻമറിലെ നാഗ ജനതയ്ക്കു ബുദ്ധിമുട്ടുകളുണ്ടാക്കും.അതിനാൽ സർക്കാർ വീണ്ടും 'FREE MOVEMENT REGIME ' അതിർത്തിപ്രദേശങ്ങളിൽ കൊണ്ടുവരണമെന്നാണ് അവരുടെ ആവശ്യം.

കുക്കി-മെയ്തെയ് വിഭാഗക്കാരുടെ ഏറ്റുമുട്ടലുകളാൽ കലുഷിതമായ മണിപ്പൂർ ഒരു വശത്തും, ഒന്നും ചെയ്യാതെ നിൽക്കുന്ന ഭരണ സർക്കാർ മറുവശത്തുമുള്ളപ്പോൾ സമാധാനത്തിന്റെ പ്രതീകമായ പുക്രീല വനിതകൾ ഈ യുദ്ധം അവസാനിപ്പിക്കുവാൻ മുന്നിട്ടിറങ്ങേണ്ടതുണ്ട്. തങ്ഖുൽ ഭാഷയിൽ പറയുന്നത് പോലെ - "ഒരു യുദ്ധം സ്ത്രീയിൽ നിന്നും ആരംഭിക്കുകയും , അവളിൽ തന്നെ അവസാനിക്കുകയും ചെയ്യുന്നു." കുക്കി-മെയ്തെയ് വിഭാഗങ്ങൾ തമ്മിലുള്ള യുദ്ധത്തിനും പുക്രീല സ്ത്രീകൾക്ക് പര്യവസാനം കുറിക്കുവാൻ സാധിക്കുമോയെന്നു നോക്കാം.

SCROLL FOR NEXT