NEWSROOM

നടിയെ ആക്രമിച്ച കേസ്: പൾസർ സുനി പുറത്തേക്ക്, ജാമ്യം കർശന ഉപാധികളോടെ

കേരളത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിക്ക് കടുത്ത ഉപാധികളോടെയാണ്  വിചാരണ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്


നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി പൾസർ സുനിക്ക് വിചാരണ കോടതിയിലും ജാമ്യം. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിൻ്റെ ഉറപ്പിൽ ജാമ്യം അനുവദിക്കാമെന്നാണ് വ്യവസ്ഥ. ജാമ്യക്കാർ കോടതിയിൽ ഹാജരായിട്ടുണ്ട്. 

കേരളത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിക്ക് കടുത്ത ഉപാധികളോടെയാണ്  വിചാരണ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യ കാലയളവിൽ പൾസർ സുനി അനുവാദമില്ലാതെ കോടതി പരിധിവിട്ട് പോകരുതെന്നും കോടതി നിർദേശിച്ചു. പ്രതി മാധ്യമങ്ങളോട് സംസാരിക്കരുത്, മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, ഒന്നിൽ കൂടുതൽ സിം ഉപയോഗിക്കരുത്, ഫോൺ നമ്പർ കോടതിയിൽ നൽകണം തുടങ്ങിയ നിർദേശങ്ങളാണ് കോടതി ജാമ്യ വ്യവസ്ഥയിൽ നിർദേശിച്ചത്. 

എല്ലാ മാസവും 10ന് പൾസർ സുനി പൊലീസിന് മുമ്പാകെ ഹാജരാകണമെന്നും ജാമ്യ ഉത്തരവിൽ നിർദേശിക്കുന്നുണ്ട്. ജാമ്യം ലഭിച്ച ശേഷം പ്രൊബേഷൻ ഓഫീസർ പ്രതിയുടെ പെരുമാറ്റം സംബന്ധിച്ച് റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു. സുപ്രീം കോടതി നിർദേശപ്രകാരം സുനി സമർപ്പിച്ച അപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് രാവിലെ 11 മണിയോടെ പരിഗണിച്ചത്. കേസിൽ ഏഴര വർഷത്തിലധികമായി വിചാരണത്തടവുകാരനായി ജയിലിൽ കഴിയുന്ന പൾസർ സുനിക്ക് നേരത്തെ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.

നേരത്തെ വാദം കേൾക്കുന്നതിനിടെ, സുനിക്ക് ജാമ്യം അനുവദിച്ചാൽ പൾസർ സുനിയുടെ ജീവന് ഭീഷണിയുണ്ടാകാമെന്നും കടുത്ത ജാമ്യ വ്യവസ്ഥകൾ ഉറപ്പാക്കണമെന്നും പ്രോസിക്യൂഷൻ കോടതിയോട് അഭ്യർത്ഥിച്ചു. ഇതെന്ത് കൊണ്ട് നേരത്തെ സുപ്രീം കോടതിയിൽ പറഞ്ഞില്ലെന്ന് വിചാരണ കോടതി ആരാഞ്ഞു.

പൾസർ സുനി സാക്ഷികളെയൊന്നും കാണരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. സെക്യൂരിറ്റി തുക കോടതി നിശ്ചയിക്കണം, ആൾജാമ്യം വേണം, ഇരയുടെ സ്വകാര്യതയെ ബാധിക്കുന്ന നടപടികൾ ഉണ്ടാകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, ജില്ല വിട്ടുപോകരുത് തുടങ്ങിയ ആവശ്യങ്ങളാണ് പ്രോസിക്യൂഷൻ മുന്നോട്ടുവെച്ചത്.

അതേസമയം, സുനിയുടെ അമ്മയും ഒരു സാക്ഷിയാണെന്ന് വിചാരണ കോടതി ഓർമിപ്പിച്ചു. സുനി അമ്മയെ പോലും കാണരുത് എന്നാണോ പ്രോസിക്യൂഷൻ്റെ ആവശ്യമെന്നും കോടതി ചോദിച്ചു. പ്രതിക്ക് സംരക്ഷണം ഉറപ്പാക്കേണ്ടത് സർക്കാരാണെന്നും കോടതി പറഞ്ഞു. പ്രതി പൊലീസ് സ്റ്റേഷനിൽ എത്തുകയല്ല വേണ്ടതെന്നും കോടതി നിർദേശിച്ചു. ആഴ്ച തോറും പൊലീസ് പ്രതിയെ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രതിയുടെ സംരക്ഷണം ഉറപ്പാക്കാൻ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ പ്രതി ഹാജരാകണമെന്ന് കോടതി ഉത്തരവിടണമെന്ന് പ്രോസിക്യൂഷൻ ആവശ്യമുന്നയിച്ചു.

2017 ഫെബ്രുവരിയിലാണ് അങ്കമാലിയിൽ വെച്ച് ഓടുന്ന കാറിൽ വെച്ച് നടി ആക്രമിക്കപ്പെടുന്നത്. സിനിമാ ലൊക്കേഷനിൽ നിന്നും മടങ്ങുകയായിരുന്ന നടിയെ പൾസർ സുനിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം തക്കം പാർത്തിരുന്ന് ആക്രമിക്കുകയായിരുന്നു. ഇത് ദിലീപ് നൽകിയ ക്വട്ടേഷനായിരുന്നു എന്നാണ് പിന്നീട് അന്വേഷണ സംഘം കണ്ടെത്തിയത്. ഇത് തെളിയിക്കുന്ന നിർണായക തെളിവുകൾ അന്വേഷണ സംഘത്തിൻ്റെ പക്കലുണ്ടെന്നാണ് സൂചന.

SCROLL FOR NEXT